ശിവഗിരി: മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവന്റെ മഹാസന്ദേശത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തീർത്ഥാടന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗുരുദേവന്റെ തത്വദർശനം ഏകലോക മാനവികയുടെ സമത്വ സന്ദേശമാണ് .പണ്ഡിതനു പാമരനും വിശ്വാസിക്കും അവിശ്വാസിക്കും ഗുരുദർശനത്തോടു ചേർന്നു നിൽക്കാൻ കഴിയും. വിശ്വമാകെ ഗുരുദേവ സൗരഭ്യം നിറച്ചുകൊണ്ടാണ് ശിവഗിരി തീർത്ഥാടനം നടക്കുന്നത്. ഓരോ തീർത്ഥാടനവും ലോകസമാധാനത്തിന്റെ സന്ദേശങ്ങളാണ് മാനവരാശിക്ക് നൽകുന്നത്.ലോകമാനവികതയുടെ മൂല്യങ്ങളെ ചേർത്തു നിറുത്തുന്ന ദർശനമാണ് ഗുരു നൽകിയത്. മറ്റ് തീർത്ഥാടനങ്ങളിൽ നിന്ന് വളരെ ഏറെ പ്രാധാന്യമുണ്ട് ശിവഗിരി തീർത്ഥാടനത്തിന്. തീർത്ഥാടനത്തിലൂടെ ലഭിക്കുന്ന ആനന്ദവും അനൂഭൂതിയും സ്വീകരിക്കാൻ ഉതകുന്ന വിധത്തിൽ മനസിനെ പാകപ്പെടുത്തുന്നതാണ് ഗുരു നിർദേശിച്ച പഞ്ചശുദ്ധി വ്രതം. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും മനുഷ്യർ പാലിക്കേണ്ട ജീവിതക്രമത്തെ ചിട്ടപ്പെടുത്തുന്ന പാഠ്യപദ്ധതികളാണ് തീർത്ഥാടനം പ്രദാനം ചെയ്യുന്നത്. വിദ്യാഭ്യാസത്തിലൂടെ അറിവും അതു വഴി ചൂഷണത്തിലും ദാരിദ്രയത്തിലും അജ്ഞതയിലും നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കഴിവും തീർത്ഥാടനം വഴി ലഭിക്കുന്നു. ഓരോ മനുഷ്യനിലും ആത്മവിശ്വാസവും ആത്മീയബോധവും ഉണ്ടാക്കുന്നു. പാർശ്വവൽക്കരണത്തിനും അവഗണനയ്ക്കുമെതിരെ സംഘടിക്കാനുള്ള പ്രേരണയാണ് ഗുരു നൽകിയത്. ആരോഗ്യവും ശുചിത്വവും പ്രധാന്യത്തോടെ കാണണമെന്ന ഗുരുവിന്റെ മുന്നറിയിപ്പിന്റെ പ്രധാന്യം സമീപകാല സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു .വ്യവസായത്തിലൂടെ സാമ്പത്തിക ഭദ്രത നേടി ക്രയശേഷി വർദ്ധിപ്പിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്. ഡിജിറ്റൽ യുഗത്തിലെ സാദ്ധ്യതകളും ഗുരു മുൻകൂട്ടി കണ്ടിരുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |