കൊല്ലം: കളിയിക്കാവിളയിൽ എ.എസ്.ഐയായ വിൽസണെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. കൊല്ലത്തിനടുത്തുള്ള തെന്മലയിൽ നിന്നുമാണ് ഇവർ പിടിയിലായത്. നാൽവർ സംഘത്തിലുള്ള ഒരാൾ വെടിവയ്പ്പിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെൻമലയിൽ വച്ച് 3.55നാണ് സംഘം പിടിയിലായത്. നടന്ന സാഹസിക നീക്കത്തിലൂടെ കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു ഇവരെ പിടികൂടിയത്. ഇവരുടെ പേരും വിവരങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ല.
എ.എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സംഘം കേരളത്തിലെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടക്കത്തിൽ സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടി എൻ 22 സി കെ 1377 റജിസ്ട്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ പിന്നീട് യാത്ര ചെയ്തിരുന്നത്. തെന്മല കഴിഞ്ഞ ശേഷം കഴുതരുട്ടിയിൽ നിന്നുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നാൽവരെയും തെൻമല സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവരറിയാത്തെ പിന്തുടരുന്നുണ്ടായിരുന്നു. ഇവരുടെ കൈവശം ആയുധങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് നേരിട്ടുള്ള ഏറ്റുമുട്ടൽ പൊലീസ് ഒഴിവാക്കിയിരുന്നു.
ശേഷം, പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയിരുന്നു. കുളി കഴിഞ്ഞ് തിരികെ വാഹനത്തിൽ ജംക്ഷനിലെത്തിയ സംഘത്തെ കേരള, തമിഴ്നാട് പൊലീസുകാർ ഒത്തുചേർന്ന് പിടികൂടുകയായിരുന്നു. ഇവർ തിരികെ വരുമ്പോൾ രക്ഷപ്പെടാതിരിക്കാൻ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം പൊലീസ് തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് ആണ് കസ്റ്റഡിയിൽ എടുത്തത്. തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസണിനെ ബുധനാഴ്ച രാത്രിയാണ് ഇവർ വെടിവച്ച് കൊലപ്പെടുത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |