നേപ്പാളിൽ ദമൻ ഹോട്ടൽ മുറിയിൽ എട്ട് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞുഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നോർക്ക അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നോർക്ക അധികൃതർക്ക് നിർദ്ദേശം നൽകി.
ഇതേ തുടർന്ന് നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി."
ഇന്ന് രാവിലെ എട്ട് മലയാളി വിനോദ സഞ്ചാരികളെ നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമീക നിഗമനം. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീൺ ദുബായിൽ എൻജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലിൽ വിദ്യാർത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.
കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 15 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് എല്ലാവരും റിസോർട്ടിൽ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മൊണോക്സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് ഹോട്ടൽ മാനേജറുടെ മൊഴി.
കാഠ്മണ്ഡുവിൽ നിന്നും 56 കിലോമീറ്റർ അകലെയാണ് റിസോർട്ട്. റിസോർട്ടിൽ നിന്നും ഹെലികോപ്ററർ വഴിയാണ് ഇവരെ ഹോസ്പിറ്റലിലെത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു എന്നാണ് കരുതപ്പെടുന്നത്. എച്ച്.എ.എം.എസ്. ആശുപത്രിയിലാണ് ഇവരെയെത്തിച്ചത്. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയിൽ കൊണ്ടുവന്നത് തണുപ്പകറ്റാൻ ഉപയോഗിച്ച മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ തകരാറാണ് മരണകാരണം എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി മരിച്ചവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |