ന്യൂഡൽഹി: ടെലികോം ഇതര സേവനങ്ങളിൽ നിന്നുള്ള വരുമാനവും കണക്കാക്കി, ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് അഡ‌്ജസ്‌റ്റഡ‌് ഗ്രോസ് റെവന്യൂ (എ.ജി.ആർ) പ്രകാരം നൽകേണ്ട ഫീസ് കുടിശിക വീട്ടാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. നേരിയ ബാദ്ധ്യത മാത്രമുള്ള റിലയൻസ് ജിയോ മാത്രമാണ് പണമടച്ചത്.
വൻ ബാദ്ധ്യതയുള്ള വൊഡാഫോൺ ഐഡിയയും ഭാരതി എയർടെല്ലും ടാറ്രാ ടെലിയും കൂടുതൽ സാവകാശം തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്മേൽ കോടതി തീരുമാനം വരും വരെ കമ്പനികൾക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടതില്ലെന്ന് കൺട്രോളർ ഒഫ് കമ്മ്യൂണിക്കേഷൻസിനോട് ടെലികോം മന്ത്രാലയം നിർദേശിച്ചു. എ.ജി.ആർ കുടിശികയായി മൊത്തം 1.47 ലക്ഷം കോടി രൂപ കേന്ദ്രത്തിന് കിട്ടാനുണ്ട്.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി ടെലികോം കമ്പനികൾക്ക് കേന്ദ്രം നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരമാണ് ജിയോ പണമടച്ചത്. സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും എന്നാൽ, അപ്പീൽ സമർപ്പിച്ചതിനാൽ അതിന്മേലുള്ള വിധിവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും മറ്റു കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ ഒഴിവാക്കുന്നത്. അപ്പീൽ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
ബാദ്ധ്യത
(ടെലികോം കമ്പനികളുടെ എ.ജി.ആർ ബാദ്ധ്യത)
ഭാരതി എയർടെൽ : ₹35,500 കോടി
വൊഡാ-ഐഡിയ : ₹50,000 കോടി
ടാറ്രാ ടെലി : ₹14,000 കോടി
പണമടച്ച് ജിയോ
195 കോടി രൂപ മാത്രം എ.ജി.ആർ ബാദ്ധ്യതയുണ്ടായിരുന്ന റിലയൻസ് ജിയോ, ഇന്നലെ ആ ബാദ്ധ്യത തീർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |