കൊച്ചി: പള്ളികളിലെ ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാൻ അവകാശം നൽകുന്ന ഓർഡിനൻസ് ഇറക്കിയ പിണറായി സർക്കാരിനെ അഭിന്ദിച്ച് മലയക്കുരിശ് ദയറാ തലവൻ കുര്യാക്കോസ് മോർ ദീയക്കോറസിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാരിനായിരിക്കും വോട്ട്. പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കണ്ണുനീർ കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചെന്നും യാക്കോബായ സമ്മേളനത്തിൽ കുര്യാക്കോസ് മോർ ദീയക്കോറസ് പറഞ്ഞു. ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
'ഞാൻ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു.ആരും തെറ്റിദ്ധരിക്കരുത്. അടുത്ത തിരഞ്ഞെടുപ്പിൽ എന്റെ പഞ്ചായത്തിന്റെയും എന്റെയും എല്ലാ വോട്ടുകളും പോകുന്നത് പിണറായി വിജയൻ അദ്ധ്യക്ഷനായുളള സർക്കാരിന് ആയിരിക്കും. അത് ഞാൻ കമ്യൂണിസ്റ്റ് ആകുന്നതുകൊണ്ടല്ല. സാധാരണ രാഷ്ട്രീയക്കാരും നാട്ടുകാരും പറയുന്നത് അദ്ദേഹം ഇരട്ടച്ചങ്കൻ എന്നാണ്. എനിക്ക് സംശയം അദ്ദേഹത്തിന് മൂന്ന് ചങ്കുണ്ടോ എന്നാണ്. ഇത്രമാത്രം പ്രതിസന്ധി വന്നിട്ടും എല്ലാവരും ചേർന്ന് വളഞ്ഞിട്ട് ഉപദ്രവിച്ചപ്പോഴും ഈ സഭയിലെ ജനങ്ങളുടെ കണ്ണുനീർ കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്.' -കുര്യാക്കോസ് മോർ ദീയക്കോറസ് പറയുന്നു.
'കോൺഗ്രസുകാര്‍ എന്നോട് പരിഭവിച്ചിട്ട് കാര്യമില്ല. പരിഭവം കൊണ്ട് ബുദ്ധിമുട്ടുമില്ല. കാരണം തന്റെ സഹോദരങ്ങൾ ശവക്കോട്ടയുടെ മതിലു ചാടി കടന്ന് അടക്കിയപ്പോൾ ചർച്ച ചെയ്യണമായിരുന്നു എന്ന് പറഞ്ഞവരാണ് ഈ നേതാക്കന്മാർ'-
'നമുക്ക് സഹായം ചെയ്യുന്നവരോട് കൂടെ നില്‍ക്കുവാന്‍ സഭയ്ക്ക് സാധിച്ചില്ലായെങ്കില്‍ അത് നന്ദികേടായിരിക്കും. അണ്ണാൻകുഞ്ഞ് വെളളത്തിൽ വീണത് പോലെ വെളളത്തില്‍ കിടന്ന് ശവപ്പെട്ടിയുമായി 38 ദിവസം സഭയുടെ വൈദികർ നോക്കിയിരുന്നപ്പോൾ അത് കാണുവാൻ സാധിച്ചില്ല. എന്നാൽ സംസ്‌കരിക്കാനുളള അവകാശം തന്ന ഓർഡിനന്‍സ്, അത് ബില്ലായി സംസ്ഥാനത്ത് തന്നെ ചര്‍ച്ചയ്ക്ക് വന്നപ്പോൾ അതിന്മേൽ അഭിപ്രായവ്യത്യാസം പറയുന്ന അത്ര മാത്രം മനുഷ്യത്വമില്ലായയ്മയോട് ചേരുവാൻ നമുക്ക് സാധിക്കില്ല'- കുര്യാക്കോസ് മോർ ദീയക്കോറസ് പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |