കൊച്ചി: ആഭരണ പ്രേമികളെ സങ്കത്തിലാക്കി, ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും റെക്കാഡ് കുതിപ്പ് തുടങ്ങി. കേരളത്തിൽ വില ഇന്നലെ പുതിയ ഉയരം കുറിച്ചു. പവന് 160 രൂപ വർദ്ധിച്ച് 30,480 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം. ഗ്രാം വില 20 രൂപ വർദ്ധിച്ച് 3,810 രൂപയിലെത്തി. ജനുവരി എട്ടിന് കുറിച്ച റെക്കാഡാണ് ഇന്നലെ പഴങ്കഥയായത്. അന്ന്, ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു വില.
ആഗോള സമ്പദ്‌രംഗത്തെ അസ്ഥിരത മൂലം മൂലധന വിപണികൾ നേരിടുന്ന തളർച്ചയാണ് സ്വർണത്തിന് നേട്ടമാകുന്നത്. ഓഹരി വിപണികളിൽ നിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുകയും അത്, സ്വർണത്തിലേക്ക് ഒഴുകുകയുമാണ്. ലോക വ്യാപാര ഭൂപടത്തിൽ പ്രമുഖ സ്ഥാനമുള്ള ചൈനയുടെ കയറ്റുമതി മേഖല, കൊറോണ വൈറസ് ബാധയെ തുടർന്ന് നിശ്ചലാവസ്ഥയിൽ ആയതാണ് പ്രധാന തിരിച്ചടി.
ഓഹരി വിപണി മാത്രമല്ല, ചൈനയിലെ മറ്റ് വ്യവസായങ്ങളെല്ലാം സ്തംഭിച്ച നിലയിലാണ്. ലോകത്തെ ഏറ്റവും വലിയ ഉപഭോഗ വിപണികളിൽ ഒന്നായ ചൈനയിലേക്കുള്ള ഇറക്കുമതി കുത്തനെ താഴ്‌ന്നതും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ്, നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നത്. സ്വർണാഭരണങ്ങളേക്കാൾ, സ്വർണ നിക്ഷേപ ഫണ്ടുകൾക്കാണ് പ്രിയമേറുന്നത്.
കുതിപ്പിന്റെ രഹസ്യം
ആഗോള സമ്പദ് അസ്ഥിരതമൂലം ഓഹരി വിപണികളുടെ തളർച്ച
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നു
രൂപ അടക്കമുള്ള കറൻസികൾക്കെതിരെ ഡോളറിന്റെ കുതിപ്പ്
രാജ്യാന്തര വിലയിലെ വർദ്ധന
$1,590
രാജ്യാന്തര വിപണിയിൽ ഇപ്പോൾ സ്വർണവില ഔൺസിന് 1,590 ഡോളറാണ്. ഇതു വൈകാതെ 1,600 ഡോളർ കടന്നേക്കും.
പൊന്നിന്റെ മുന്നേറ്റം
(കഴിഞ്ഞ ചില മാസങ്ങളിലെ പവൻ വില)
2019
ഏപ്രിൽ : ₹23,720
ജൂലായ് : ₹25,720
ആഗസ്‌റ്ര് : ₹28,000
ഒക്‌ടോബർ : ₹28,480
ഡിസംബർ : ₹28,240
2020
ജനുവരി : ₹30,400
ഫെബ്രുവരി : ₹30,480*
(*ഇന്നലത്തെ വില)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |