കോട്ടയം: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ്(എം) ജോസഫ് ഗ്രൂപ്പിൽ ലയിക്കും. ഇതിനെ തുടർന്ന് അനൂപ് ജേക്കബ്, ജോണി നെല്ലൂർ വെവ്വേറെ യോഗങ്ങൾ ചേർന്നിരുന്നു. ഇതോടെ ജോസഫ് ലയനവും ജോണി നെല്ലൂർ പ്രഖ്യാപിക്കുകയായിരുന്നു. ജോണി നെല്ലൂരിന്റെ യോഗത്തിലാണ് ലയന പ്രമേയം അവതരിപ്പിച്ചത്. പാർട്ടിയെ ഭിന്നിപ്പിക്കുന്നതിനായി അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂർ ആരോപിച്ചു. ഈ മാസം 29ന് എറണാകുളത്ത് വച്ചാകും ലയന സമ്മേളനം നടത്തുക.
ടി.എം.ജേക്കബിന്റെ സംസ്‌കാരചടങ്ങുകൾക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബെന്നും ജേക്കബിന്റെ മരണശേഷം ആശുപത്രിയിൽ വച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അനൂപ് ജേക്കബ് മുതിർന്നത്. ജോണി നെല്ലൂർ പറയുന്നു.
മന്ത്രിയായിരിക്കുന്ന കാലയളവിൽ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുൻകൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചിരുന്നു. മാണി ഗ്രൂപ്പിൽ നിന്നും ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനില തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്നും ജോണി നെല്ലൂർ ആരോപിച്ചു.
അതേസമയം, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നിട്ടില്ലെന്നും ജോസഫ് ഗ്രൂപ്പുമായി ലയനം വേണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു. ജോണി നെല്ലൂർ നടത്തിയത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹം ആരോപിച്ചു. ചിലർ വിട്ടുപോയത് കൊണ്ടുമാത്രം എങ്ങനെ പാർട്ടി പിളരുമെന്നും അനൂപ് ജേക്കബ് ചോദിച്ചു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായി മൂന്നംഗ കമ്മീഷനെ നിയമിച്ചതായും അനൂപ് ജേക്കബ് അറിയിച്ചിട്ടുണ്ട്.
തനിക്കെതിരെ ജോണി നെല്ലൂർ നുണപ്രചരണമാണ് നടത്തുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. ജോണി നെല്ലൂരിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് പ്രകടമാക്കുന്നതെന്നും അനൂപ് പറഞ്ഞു. അതേസമയം വരാൻ പോകുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഗൗരവമായാണ് കാണുന്നതെന്നും പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞുകൊണ്ട് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പിളർപ്പൊഴിവാക്കാൻ കഴിയില്ലെന്നാണ് തന്നോട് ഇരുവിഭാഗങ്ങളും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |