തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന പി.എസ്.സി, കെ.എ.എസ്. പരീക്ഷാ കേന്ദ്രങ്ങളിൽ തട്ടിപ്പ് നടക്കുന്നതായുള്ള പരാതികളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഗൈഡുകളും മറ്റ് രേഖകളും കണ്ടെടുത്തു.
പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറിയും ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരള സ്‌റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റിസിലെ ജനറൽ മാനേജരുമായ രഞ്ജൻ രാജ് നടത്തുന്ന 'വീറ്റോ'യുടെ തമ്പാനൂരിലെയും വെഞ്ഞാറമൂട്ടിലെയും സെന്ററുകളിലും, പൊതുഭരണ വകുപ്പിലെ അസിസ്‌റ്റന്റ്, ഷിബു കെ. നായർ നടത്തുന്ന ലക്ഷ്യ'യുടെ തമ്പാനൂരിലെ സെന്ററിലുമായിരുന്നു വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ഡിവൈ.എസ്.പി പ്രസാദിന്റെ നേതൃത്വത്തിൽ റെയ്ഡ് . ഇന്നലെ രാവിലെ മുതൽ വൈകിട്ട് അഞ്ച് മണിവരെ നടത്തിയ റെയ്ഡിൽ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും, നിരവധി സർക്കാർ ജീവനക്കാർ പരിശീലനം നൽകാൻ എത്തുന്നതും സംബന്ധിച്ച വിവരങ്ങൾ കണ്ടെടുത്തു. വീറ്റോയുടെ കോച്ചിംഗ് കേന്ദ്രത്തിൽ ക്ളാസ് നടത്തിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലൻസ് കൈയ്യോടെ പൊക്കി.
സെക്രട്ടേറിയറ്റ് ചുറ്റിപ്പറ്റി പി.എസ്. സി. കോച്ചിംഗിന്റെ മറവിൽ തട്ടിപ്പ് നടത്തുന്നതായി നേരത്തെ മുതൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ശനിയാഴ്ച നടന്ന കെ.എ.എസ് പ്രിലിമിനറി പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്. സി. ചെയർമാന് ഉദ്യോഗാർത്ഥികളിൽ ചിലർ നൽകിയ പരാതികൾ പൊതുഭരണവകുപ്പ് സെക്രട്ടറിക്കും തുടർന്ന് വിജിലൻസിനും കൈമാറുകയായിരുന്നു പിന്നാലെയാണ് റെയ്ഡ്. പി.എസ്. സി പരീക്ഷാ നടത്തിപ്പിലും, ചോദ്യ പേപ്പർ തയ്യാറാക്കുന്നതിലും സെക്രട്ടേറിയറ്രിലെ ചില ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുന്നതായും ആക്ഷേപമുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |