തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങൾക്ക് പി.എസ്.സി ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്നവരുമായി ബന്ധമുണ്ടെന്ന പരാതിയിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. ആരോപണവിധേയമായ തലസ്ഥാനത്തെ രണ്ട് സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് വിജിലൻസ് സംഘം മൊഴിയെടുത്തു. സർക്കാർ ഉദ്യോഗസ്ഥരായ ഇവർ അവധിയെടുക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നും ക്ലാസ്സെടുക്കുന്നതെന്നുമുള്ള തെളിവും ലഭിച്ചു.
കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പരിശോധന നടത്തിയ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരെയാണ് ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. വീറ്റോ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിലൊരാളായ അജിതയുടെ ഭർത്താവ് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിലെ ട്രേഡ്‌സ് മാനാണെന്ന് കണ്ടെത്തി. ഇയാൾ 2015 മുതൽ സ്ഥാപനത്തിലുണ്ടെങ്കിലും 2019 നവംബർ മുതലാണ് ലീവെടുത്തിരിക്കുന്നതെന്ന് തെളിഞ്ഞു. സ്ഥാപനത്തിലെ മറ്റൊരു പങ്കാളിയും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്ന് വിരമിച്ചയാളുമായ രാധാകൃഷ്ണപിള്ളയുടെ ബന്ധുവായ രഞ്ജന് സ്ഥാപനവുമായി ബന്ധമുണ്ട്.. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറിയായ രഞ്ജൻ ഇപ്പോൾ മുന്നാക്കവിഭാഗ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിലാണ്.. ലീവെടുക്കാതെയാണ് ഇയാൾ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്നും വിജിലൻസ് സ്ഥിരീകരിച്ചു. ഇയാൾ വീറ്റോയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ച പുസ്തകം സർക്കാർ അനുമതിയോടെയാണോയെന്നും പരിശോധിക്കുന്നുണ്ട്.
ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധമുള്ള ഷിബു എന്ന സർക്കാർ ഉദ്യോഗസ്ഥൻ ദീർഘകാലാവധിയിലാണെന്നാണ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. കൂടുതൽ മികച്ച ജോലിക്കായി 2012 മുതൽ ലീവെടുത്ത ഇയാൾ, അഞ്ചുകൊല്ലത്തിന് ശേഷം അവധി ദീർഘിപ്പിച്ചതായി വിവരം ലഭിച്ചു. എന്തു കാരണം പറഞ്ഞാണ് ലീവ് നീട്ടിയതെന്നും പരിശോധിക്കുന്നുണ്ട്.
കോച്ചിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ അധ്യാപകരുടെ ഹാജർ രജിസ്റ്റർ ലഭിച്ചു. കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ക്ലാസ്സെടുക്കുന്നുണ്ടോയെന്നറിയാൻ വിശദമായി പരിശോധന നടത്തുന്നുണ്ട്. ക്ലാസ്സെടുക്കുന്നതിനിടെ പിടിയിലായ അഗ്‌നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടി ശുപാർശ ചെയ്ത് വിജിലൻസ് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |