തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ തകർച്ചയിൽ നിന്ന് കരകയറ്റാനാവാത്തതിൽ ഇപ്പോഴത്തെ ഗതാഗതമന്ത്രി എന്ന നിലയിൽ തനിക്കൂകൂടി ഉത്തരവാദിത്തമുണ്ടെന്ന് എ.കെ. ശശീന്ദ്രൻ. തന്നോടൊപ്പം മുൻഗതാഗത മന്ത്രിമാരും ആ ഉത്തരവാദിത്തം ഏറ്റെടുക്കണം. കെ.എസ്.ആർ.ടി.സിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗതാഗത മന്ത്രി എന്ന നിലയിൽ തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ഇക്കാര്യങ്ങളടക്കം തുറന്നുപറഞ്ഞ് മന്ത്രി എ.കെ ശശീന്ദ്രൻ 'ഫ്ളാഷി'നോട്..
ഒഴിഞ്ഞുമാറില്ല
കെ.എസ്.ആർ.ടി.സി ശരിയാകാത്തതിന് പിന്നിൽ മാനേജ്മെന്റ് തലത്തിലെ പാളിച്ചയാണെന്ന വിമർശനം ഒരു നിരീക്ഷണം മാത്രമാണ്. മാനേജ്മെന്റ് ശരിയാകാത്തതിന് പിന്നിലെ കാരണം അതിനെ നിയന്ത്രിക്കാൻ അധികാരമുള്ള സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകാത്തതാണ്. മാനേജ്മെന്റ് തലത്തിലെ പാളിച്ചയുടെ ഉത്തരവാദിത്തം നിലവിലെ ഗതാഗതമന്ത്രിയായ എനിക്കാണ്. ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു. എന്നാൽ, ആ ഉത്തരവാദിത്വത്തിൽ നിന്ന് എനിക്ക് മുമ്പുള്ള മന്ത്രിമാർക്കും ഒളിച്ചോടാൻ സാധിക്കില്ല. ഞാൻ ഒഴിഞ്ഞുമാറാൻ തയ്യാറല്ല. എനിക്കൊപ്പം മുമ്പുള്ള മന്ത്രിമാരും ആ ഉത്തരവാദിത്തം ഷെയർ ചെയ്യണം. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ പ്രശ്നം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ല എന്നതാണ്. ഒരു നിശ്ചിത വരുമാനത്തിന് താഴെയുള്ള സർവീസുകൾ ഓടിക്കുന്നില്ലെന്ന് എം.എൽ.എമാർക്ക് വലിയ വിമർശനമുണ്ട്. ആ വിമർശനം ഏറ്റുവാങ്ങിയേ മതിയാവൂ. വിമർശനം ഏറ്റുവാങ്ങുമ്പോൾ ജനകീയത കുറഞ്ഞുപോകും. പക്ഷേ, ജനകീയതയാണോ വേണ്ടത് ആ സ്ഥാപനത്തെ മെച്ചപ്പെടുത്താനുള്ള കടുത്ത നടപടിയാണോ വേണ്ടത് എന്ന് എല്ലാവരും ചിന്തിക്കണം. കടുത്ത നടപടികൾ സ്വീകരിക്കുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. അതൊക്കെ ഒരു സ്‌പോർട്സ്‌മാൻ സ്‌പിരിറ്റിലാണ് ഞാൻ ഏറ്റെടുക്കുന്നത്.
ലാഭത്തിലാകില്ല
ഈ സർക്കാർ അധികാരത്തിൽ നിന്നിറങ്ങും മുമ്പ് കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്ന് പറയാനാകില്ല. കെ.എസ്.ആർ.ടി.സി ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമല്ല. വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പെൻഷനും ശമ്പളവും കൃത്യമായി കൊടുക്കുക, സാമൂഹിക പ്രതിബദ്ധത പുലർത്തുക, കാര്യക്ഷമമായി സർവീസ് നടത്തുക എന്നിവയ്ക്കാണ് പ്രധാനമായും ഊന്നൽ കൊടുക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ സേവനം നടത്തുന്ന ഒരു സ്ഥാപനത്തിനും ലാഭത്തിൽ പ്രവർത്തിക്കാനാകില്ല.
എന്റെ കുറ്റമല്ല
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാവിഭാഗം ആളുകളേയും സ്പർശിക്കുന്ന ഒരു പ്രധാനപ്പെട്ട പൊതു ഗതാഗത സംവിധാനമാണ് കെ.എസ്.ആർ.ടി.സി. സ്വാഭാവികമായും മറ്റ് വകുപ്പുകളെക്കാളും ജനകീയ ബന്ധം എന്റെ വകുപ്പിനുണ്ട്. അതനുസരിച്ചുള്ള പ്രശ്‌നങ്ങളും വിവാദങ്ങളുമാണ് ഈ ഉണ്ടാകുന്നതെല്ലാം. അതിൽ എന്നെ പഴിച്ചിട്ട് കാര്യമില്ല. ഏതെങ്കിലുമൊരു പ്രദേശത്ത് ഉണ്ടാകുന്ന ഒരു ചെറിയ കാര്യം പോലും ജനങ്ങൾ വലിയ താത്പര്യത്തോടെയാണ് കാണുന്നത്. കെ.എസ്.ആർ.ടി.സിയെ ജനങ്ങൾ അത്രമാത്രം സ്നേഹിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം.
യൂണിയനുകൾ എനിക്കെതിരല്ല
യൂണിയനുകൾ എനിക്കെതിരാണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. അവരുടെ വിഷമങ്ങളും പരാതികളുമെല്ലാം സംസാരിക്കുന്നത് എന്നോടാണ്. ജീവനക്കാരുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന ഒരു മന്ത്രിയാണ് ഞാൻ. അതുകൊണ്ടാണ് ഞാനും യൂണിയനുകളും തമ്മിലുള്ള വിഷയങ്ങൾ എപ്പോഴും ചർച്ചാ വിഷയമാവുന്നത്.
നന്മകൾ ആരും കാണുന്നില്ല
കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ എല്ലാ സർക്കാരുകളും നടപടികൾ സ്വീകരിച്ചെന്നും പക്ഷേ, അതൊന്നും വിജയം കണ്ടില്ലെന്നുമൊക്കെയുള്ള നിരീക്ഷണം ശരിയല്ല. കാരണം ഇതിനു മുമ്പുള്ള സർക്കാരുകൾ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. പിണറായി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് കെ.എസ്.ആർ.ടി.സിക്ക് ശമ്പളം കൊടുത്തുകൊണ്ടിരുന്നത് ഡിപ്പോ പണയം വച്ചായിരുന്നു. എന്നാൽ ഈ സർക്കാർ കെ.എസ്.ആർ.ടി.സിയുടെ ഒരു സ്ഥാപനവും പണയം വച്ചല്ല ശമ്പളവും പെൻഷനും കൊടുക്കുന്നത്. അത് ആരോഗ്യകരമായ ഒരു മാറ്റമായി പൊതു സമൂഹം കാണുന്നില്ല. ഇന്ധന ക്ഷമതയിലും വലിയൊരു കുതിച്ചു ചാട്ടമുണ്ടായി. തൊള്ളായിരത്തിലധികം ബസുകൾ ഈ സർക്കാർ റോഡിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. അതിനുമുമ്പ് പതിനാലര ലക്ഷം കിലോമീറ്ററാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നത്. എന്നാൽ, ബസുകൾ പലതും പിൻവലിച്ച ശേഷം പതിനാറര ലക്ഷം കിലോമീറ്ററാണ് സർവീസ് നടത്തുന്നത്. എല്ലാ സ്ഥലത്തേക്കും ബസ് ഓടിക്കുന്നതിന് പകരം അതിന്റെ കാര്യക്ഷമമായ ഉപയോഗത്തിനാണ് ഈ സർക്കാർ ശ്രമിച്ചത്. അതുകൊണ്ടുതന്നെ 20 ലക്ഷം യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ 27 ലക്ഷം യാത്രക്കാരുണ്ടായി. പക്ഷേ, ഈ നന്മകൾ കാണുന്നതിന് പകരം കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചില സദ്ഫലങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാലത് പ്രകടമാകുന്നില്ലെന്ന് മാത്രം.
പ്രോത്സാഹിപ്പിക്കില്ല
മിന്നൽ പണിമുടക്ക് ശരിയാണെന്ന് പറയുന്ന ഒരു തൊഴിലാളി സംഘടനയും രാഷ്ട്രീയ പാർട്ടികളും കേരളത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനർത്ഥം സമരം ചെയ്യുന്ന അവകാശത്തെ എതിർക്കുകയാണ് എന്നല്ല. മിന്നൽ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കാനാകില്ല.
അന്ന് ഞാൻ മന്ത്രിയല്ലാതാവും
പാർട്ടിയിൽ നിന്ന് എനിക്ക് പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. പാർട്ടിയുടെ പിന്തുണയില്ലാതായി എന്നാൽ ഞാൻ മന്ത്രിയല്ലാതായി എന്നാണ് അർത്ഥം. ഇപ്പോൾ ഞാൻ മന്ത്രിയായി തുടരുന്നത് പാർട്ടിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങളുടെ പരിപൂർണ പിന്തുണ എനിക്കുള്ളതുകൊണ്ടാണ്. അത് എന്ന് നഷ്‌ടപ്പെടുന്നുവോ അന്ന് ഞാൻ മന്ത്രിയല്ലാതാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |