തലയോലപ്പറമ്പ്: വീടിന് ചുറ്റും വെള്ളം ഉണ്ടെങ്കിലും കുടിവെള്ളം വേണമെങ്കിൽ പ്രദേശവാസികൾ കിലോമീറ്ററുകൾ വഞ്ചിയിൽ തുഴയണം. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് നിവാസികൾക്കാണ്ഈ ദുർഗതി. നിർദ്ധനരായ 110 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കായൽ തീരമായ തുരുത്തിൽ ജലാശയം മുഴുവൻ ഉപ്പ് വെള്ളം ആണ്. കുടിക്കാനും അടുക്കള ആവശ്യത്തിനും പൈപ്പ് വെള്ളം മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഈ പ്രദേശത്ത് പൈപ്പ് വെള്ളം എത്തിയിട്ട് ഒരാഴ്ചയിൽ അധികമായെന്ന് നാട്ടുകാർ പറയുന്നു. ചൈനയിൽ നിന്നും കൊറോണാ വൈറസ് രോഗത്തിന്റെ പിടിയിലായ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് സ്വന്തം ജീവൻ പോലും സമർപ്പിക്കാൻ തയ്യാറായി ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട 5 അംഗ മെഡിക്കൽ സംഘത്തോടൊപ്പം പോയി കഴിഞ്ഞ ദിവസം നാട്ടിൽ വന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ വിശ്രമിക്കുമ്പോൾ കുടിവെള്ളം പോലും കിട്ടാതെ കുടുംബാംഗങ്ങളോടെപ്പം കഴിയേണ്ട സ്ഥിതിയിലാണ് ഡൽഹിയിൽ നേഴ്‌സായ ശരത് പ്രേം എന്ന യുവാവിന്റെ സ്ഥിതി. വൈക്കത്തെ ജലവിഭവ വകുപ്പിന്റെ ഓഫിസിൽ വിളിച്ചാൽ ഉടൻ പരിഹരിക്കാം എന്നു പറയുന്നതല്ലാതെ യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. മൂവാറ്റുപുഴ ആറ്റിലൂടെ വള്ളത്തിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് മറുകരയിലെത്തിയാണ് തുരുത്ത് നിവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. തുരുത്ത് നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി കാട്ടിക്കുന്ന് കടത്തു കടവിൽ കഴിഞ്ഞ വർഷം പുതിയ ടാങ്ക് സ്ഥാപിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഇതിൽ വെള്ളം എത്തിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
ദുരിതം അനുഭവിക്കുന്ന കൂട്ടത്തിൽ ചൈനയിൽ കൊറോണാ രക്ഷപ്രവർത്തനത്തിന് പോയ മെഡിക്കൽ സംഘത്തിൽപ്പെട്ട ആളും.
കഴിഞ്ഞ വർഷം ടാങ്ക് സ്ഥാപിച്ചെങ്കിലും വെള്ളം ഇതുവരെ എത്തിയിട്ടില്ല
ഈ പ്രദേശത്തെ ഏക ആശ്രയം പൈപ്പ് വെള്ളം മാത്രമാണ്. പൈപ്പിൽ വെള്ളം എത്തിയിട്ട് ആഴ്ച്ചകൾ കഴിഞ്ഞും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |