തിരുവനന്തപുരം: തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മദ്ധ്യവയസ്കൻ ഹൃദ്രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ മരണപ്പെട്ടതിന്റെ ആശങ്കയൊഴിച്ചാൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ ആശാവഹമായ പുരോഗതി. കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത കാസർകോട്,കണ്ണൂർ, തൃശൂർ, എറണാകുളം ,പത്തനംതിട്ട ,തിരുവനന്തപുരം ജില്ലകളിൽ രോഗ വ്യാപനത്തിന്റെ സൂചനകളില്ലാത്തതാണ് കേരളത്തിന് പ്രതീക്ഷയ്ക്ക് വക നൽകുന്നത്.
തിരുവല്ലയിൽ ഹൈദരബാദിൽ നിന്നെത്തിയ 60 കാരൻ കൊവിഡ് നിരീക്ഷണത്തിനിടെ ഹൃദ്രോഗ ലക്ഷണങ്ങളോടെ മരണപ്പെട്ടെങ്കിലും ഇയാളുടെ കുടുംബാംഗങ്ങൾക്കാർക്കും രോഗ ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ലാത്തതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. എന്നാൽ, മരണപ്പെട്ട ഇയാളുടെ സ്രവപരിശോധനാഫലം എത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ കഴിയൂ. സ്ഥിതിഗതികൾ സങ്കീർണമായിരുന്ന കാസർകോട് ജില്ലയിൽ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിലായിരുന്ന കളനാട് സ്വദേശിയുൾപ്പെടെ പത്തോളം പേർ രോഗം ഭേദമായി ഇന്ന് ആശുപത്രി വിടും.
കാസർകോട് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞ ആറുപേരും കണ്ണൂർ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലുമായി ചികിത്സയിൽ കഴിഞ്ഞ നാലുപേരുമാണ് ഇന്ന് ആശുപത്രി വിടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകുകയും റാപ്പിഡ് ടെസ്റ്റ് വ്യാപകമാക്കുകയും ഹോം ക്വാറന്റൈനും ലോക്ക് ഡൗൺ നടപടികളും ശക്തവും ആക്കിയതോടെ കാസർകോട് ജില്ലയിൽ സമൂഹവ്യാപന സാദ്ധ്യതകളും നിയന്ത്രണവിധേയമായി വരുന്നുണ്ട്.
കണ്ണൂരിൽ വിദേശി ഉൾപ്പെടെ 3 പേർ കൂടി ആശുപത്രി വിട്ടു. സംസ്ഥാനത്താകമാനം 1,36,195 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളുള്ള 12,710 രോഗികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിൽ 11,469 പേരുടെ ഫലം നെഗറ്റീവാണ്. കേരളത്തിൽ 12 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നാലുപേർക്ക് വീതവും മലപ്പുറത്ത് രണ്ടും കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |