ലണ്ടൻ: ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയുടെ വായ്‌പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ, തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ തോറ്റു. മല്യയെ ഇന്ത്യയുടെ അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്ന 2018ൽ ലണ്ടനിലെ വെസ്‌റ്ര് മിൻസ്‌റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ശരിവച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള കിംഗ്‌ഫിഷർ എയർലൈൻസിന്റെ പേരിൽ ഗൂഢാലോചനയിലൂടെ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് അനധികൃതമായി വായ്‌പയെടുത്ത് തിരിമറി നടത്തിയതിന് മല്യയ്ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. വിധിക്കെതിരെ 14 ദിവസത്തിനകം മല്യയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാം. അദ്ദേഹം അതിന് മുതിർന്നില്ലെങ്കിൽ, 28 ദിവസത്തിനകം ബ്രിട്ടൻ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും.
എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ പരാതി പ്രകാരം സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം നടത്തുന്നതിനിടെയാണ് 2016 മാർച്ചിൽ മല്യ ലണ്ടനിലേക്ക് മുങ്ങിയത്. 2017ൽ സ്കോട്ട്ലൻഡ് യാർഡ് ഇന്ത്യയിലേക്ക് നാടുകടത്താൻ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ജാമ്യം നേടി ലണ്ടനിൽ കഴിയുകയാണ് 64കാരനായ മല്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |