ആർ. അഭിലാഷ്
കൊച്ചി : ശമ്പള ഒാർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചത് സർക്കാരിനു ആശ്വാസമായി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതും നേട്ടമായി.
ജി.എസ്.ടി, മോട്ടോർ വാഹന നികുതി, പെട്രോൾ - ഡീസൽ വില്പന തുടങ്ങിയ ഇനങ്ങളിലൂടെ സർക്കാരിന് ലഭിക്കേണ്ട തുകയിൽ വൻ കുറവു വന്നത് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് ചൂണ്ടിക്കാട്ടി.
അസാധാരണ സാഹചര്യമാണെന്ന വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ശമ്പളത്തിന്റെ 20 ശതമാനം നിശ്ചിത കാലത്തേക്ക് വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്, സർക്കാരിനെ പിന്തുണച്ച് കക്ഷി ചേരാനെത്തിയ നിയമ വിദ്യാർത്ഥിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.
സർക്കാർ
പറഞ്ഞത്
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ളഉത്തരവിന് നിയമപരമായ പിൻബലമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ ,ഇൗ പോരായ്മ പരിഹരിക്കാനാണ് ഒാർഡിനൻസ് .
ഇതിലൂടെ വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ല.
ഇൗ ഘട്ടത്തിൽ കോടതി ഇടപെടരുത്
ഹർജിക്കാരുടെ
വാദം
ഒാർഡിനൻസ് ഹൈക്കോടതി സ്റ്റേ മറികടക്കാനാണ്.
സർക്കാർ ജീവനക്കാരുടെ മാത്രം ശമ്പളം പിടിക്കുന്നത് വിവേചനമാണ്.
ശമ്പളം അവകാശമാണ്. ഒാർഡിനൻസിലൂടെ തടയാനാവില്ല.
വരുമാന നഷ്ടം : ഹൈക്കോടതിയിൽ
സർക്കാർ അവതരിപ്പിച്ച കണക്ക്
സർക്കാരിന്റെ വരുമാനം 2019 ഏപ്രിലിൽ
ജി.എസ്.ടി : 829.09 കോടി
ഐ.ജി.എസ്.ടി : 871.16 കോടി
സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ : 255 കോടി
മോട്ടോർ വാഹനനികുതി : 300 കോടി
പെട്രോളിയം : 600 കോടി
ആകെ : 2,855.25 കോടി രൂപ
സർക്കാരിന്റെ വരുമാനം 2020 ഏപ്രിലിൽ
ജി.എസ്.ടി : 87.43 കോടി
ഐ.ജി.എസ്.ടി : 73.46 കോടി
സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ : 12കോടി
മോട്ടോർ വാഹനനികുതി : 4 കോടി
പെട്രോളിയം : 26 കോടി
ആകെ : 202.89 കോടി രൂപ
നഴ്സുമാരെ
ഒഴിവാക്കണമെന്ന
ആവശ്യവും നിരസിച്ചു
കൊച്ചി : സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഒാർഡിനൻസിൽ നിന്ന് ഒഴിവാക്കണമെന്ന കേരള ഗവ. നഴ്സസ് യൂണിയന്റെ ഹർജിയിലെ ഇടക്കാല ആവശ്യവും ഹൈക്കോടതി തള്ളി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് തടയണമെന്നും തങ്ങളെ ഒാർഡിനൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഗവ. നഴ്സസ് യൂണിയന്റെ ഹർജിയിലെ ഇടക്കാല ആവശ്യം.
ആരെയെല്ലാം ഒാർഡിനൻസിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ആവശ്യം അനുവദിക്കാൻ കഴിയില്ലെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. നഴ്സുമാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ സംഘടനയ്ക്ക് ഹർജി നൽകാനാവുമോയെന്നതും വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |