*ചൊവ്വാഴ്ചത്തേക്ക് റീ ഷെഡ്യൂൾ ചെയ്തു
തിരുവനന്തപുരം: പ്രവാസികളുമായി ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കി. കോഴിക്കോട് കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം ദോഹയിൽ ലാൻഡിങിനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന് ദോഹയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.
ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ചത്തേക്ക് റീ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സമയം തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് വിദേശത്ത് അകപ്പെട്ട പ്രവാസികളുമായി തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനമായിരുന്നു ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നത്.രാത്രി 10.45 ഓടെയാണ് വിമാനം തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നത്. വൈകിട്ട് അഞ്ചോടെയാണ് വിമാനം റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഗർഭിണികളും കുട്ടികളും മുതിർന്നവരും അടക്കം 181 യാത്രക്കാരാണുണ്ടായിരുന്നത്. ആരോഗ്യ പ്രശ്നമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.
വിമാനം റദ്ദാക്കിയതറിയാതെ നിരവധി യാത്രക്കാർ ദോഹ വിമാനത്താവളത്തിലെത്തിയിരുന്നു. ഖത്തർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ദോഹയിൽ ഒരുക്കുമെന്നറിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം ആറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം യാത്രക്കാരും. തമിഴ്നാട്ടിൽ നിന്നുള്ള 19 പേരും കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഒരോരുത്തരുമുണ്ടായിരുന്നു.
വിമാനത്താവളത്തിലെത്തുന്നവർക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. മൂന്ന് ട്രയലുകളും മോക്ഡ്രില്ലും നടത്തി. വിമാനത്തിലെത്തുന്നവരെ ഒരു മണിക്കൂറിനുള്ളിൽ നീരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകാനുള്ള തരത്തിൽ പരിശോധന സൗകര്യങ്ങൾ തയാറാക്കിയിരുന്നു. യാത്രക്കാരെ കൊണ്ടു പോകുന്നതിന് ബസുകളും, നിരീക്ഷണത്തിലേക്ക് മാറ്റേണ്ടവർക്ക് താമസ സൗകര്യവും ഭക്ഷണവുമടക്കം നഗരസഭയും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |