കോട്ടയം: കൊവിഡ്-19 അൽപ്പം ശമിച്ചതോടെ മാസങ്ങളായി ഉറങ്ങിക്കിടന്നിരുന്ന കേരള കോൺഗ്രസ് എം ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയാണ് തർക്കം മൂർച്ഛിക്കുന്നത്. പി.ജെ ജോസഫ് ആണ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അജിത് മുതിരമലയെ സ്ഥാനമേൽപിക്കണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് ജോസഫിന്റെ ആവശ്യം. പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ എന്നിവർക്ക് കത്ത് നൽകി കഴിഞ്ഞു.
കേരള കോൺഗ്രസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ സ്ഥാനം ഏൽപിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു അന്നുള്ള ധാരണ. എന്നാൽ അങ്ങനെയൊരു ധാരണ ഉണ്ടായിട്ടില്ലെന്നാണ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം വ്യക്തമാക്കുന്നത്.
എന്നാൽ, കേരള കോൺഗ്രസിൽ തർക്കമുണ്ടായപ്പോൾ പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന തലത്തിൽ ധാരണയുണ്ടാക്കിയിരുന്നെന്നും തുടർനടപടികൾ സംസ്ഥാന നേതൃത്വം തന്നെ ഇടപെടണമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |