മാഡ്രിഡ്: പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് ഒരു സ്പാനിഷ് മുത്തശ്ശി. സ്പെയിനിൽ പതിനായിരക്കണക്കിന് പേരുടെ മരണത്തിനിടെയാക്കിയ കൊവിഡ് വൈറസ് ഈ മുത്തശ്ശിയ്ക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. 113 കാരിയായ സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വനിതയായ മരിയാ ബ്രാന്യാസ് ആണ് കൊവിഡ് 19നെ തോൽപ്പിച്ചിരിക്കുന്നത്. ഇതോടെ കൊവിഡിനെ തോൽപ്പിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരിക്കുകയാണ് മരിയ.
സ്പെയിനിലെ ഒരു കെയർ ഹോമിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവിടുത്ത മുതിർന്ന നിരവധി അന്തേവാസികൾ കൊവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ 20 വർഷമായി മരിയ സ്പെയിനിലെ കിഴക്കൻ നഗരമായ ഒലോട്ടിലെ സാന്റാ മരിയ ഡെൽ റ്റുറാ എന്ന കെയർ ഹോമിലാണ് ജീവിക്കുന്നത്.
ഏപ്രിലിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മരിയ തന്റെ മുറിയിൽ തന്നെ ഐസൊലേഷനിൽ തുടരുകയായിരുന്നു. മരിയയ്ക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടായിരുന്നത്. രോഗം ഭേദമായ മരിയ സുഖമായി ഇരിക്കുന്നുവെന്ന് കെയർഹോം അധികൃതർ പറഞ്ഞു. നടത്തിയ പരിശോധനകളെല്ലാം നെഗറ്റീവായിട്ടുണ്ട്.
ആഴ്ചകളോളം മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞ മരിയയുടെ അടുത്തേക്ക് സുരക്ഷാ സജ്ജീകരണങ്ങളോടെ ഒരു നഴ്സിനെ മാത്രമാണ് കടത്തിവിട്ടിരുന്നത്. സ്പെയിനിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മരിയ എന്ന് കരുതപ്പെടുന്നു. 1907 മാർച്ച് 4ന് യു.എസിലെ സാൻഫ്രാൻസിസ്കോയിലാണ് മരിയയുടെ ജനനം. വടക്കൻ സ്പെയിൻ സ്വദേശിയായിരുന്ന മരിയയുടെ അച്ഛൻ ഒരു മാദ്ധ്യമപ്രവർത്തകനായിരുന്നു.
ഒന്നാം ലോകമഹായുദ്ധക്കാലത്താണ് മരിയയുടെ കുടുംബം സ്പെയിനിലെത്തിയത്.1931ൽ ഒരു ഡോക്ടറെ കല്യാണം കഴിച്ച മരിയ കാറ്റലോണിയയിലെ ജിറോണ പ്രവിശ്യയിൽ താമസമാരംഭിച്ചു. മരിയയ്ക്ക് മൂന്ന് മക്കളും 11 ചെറുമക്കളുമുണ്ട്. 1918 -1919 കാലഘട്ടത്തിൽ ലോകത്തെ ജനസംഖ്യയുടെ നല്ലൊരു ഭാഗത്തെയും കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ മഹാമാരി, 1936-39 വർഷത്തെ സ്പാനിഷ് ആഭ്യന്തര യുദ്ധം തുടങ്ങിയവയെയും മരിയ അതിജീവിച്ചിരുന്നു. കൊവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച യൂറോപ്യൻ രാജ്യമായ സ്പെയിനിൽ ഇതേവരെ 269,520 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 26,920 പേർക്ക് ഇതേവരെ ജീവൻ നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |