വാഷിംഗ്ടൺ: റഷ്യയിലും ബ്രസീലിലും കൊവിഡ് ഭീഷണി രൂക്ഷമായി തുടരുന്നു. മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൊവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ സ്വകരിച്ചപ്പോൾ പ്രസിഡന്റ് ജയർ ബൊൽസൊനാരോയുടെ ഉദാസീന മനോഭാവം രാജ്യത്തെ വൻ വിപത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാമതാണ് രാജ്യം. 24 മണിക്കൂറിനിടെ 749 പേർ മരിക്കുകയും 11,385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ മരണം 13,240 രോഗികൾ, 190,137.
രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതാണ് റഷ്യ. ഇന്നലെ മാത്രം 9000ത്തിലധികം ആളുകൾക്കാണ് രോഗം പിടിപ്പെട്ടത്. 93 പേർ മരിച്ചു. രോഗവ്യാപനം വളരെ വേഗത്തിലായതിനാൽ രോഗികളുടെ എണ്ണത്തിൽ റഷ്യ ബ്രിട്ടനേയും പിന്നിലാക്കിയേക്കാമെന്നാണ് നിഗമനം. ആകെ മരണം, 2,305 രോഗികൾ 252,245.
ബ്രിട്ടൻ ആശ്വാസത്തിലേക്ക്
മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ രോഗവ്യാപനത്തിന് കുറവ് കൈവന്നപ്പോഴും ബ്രിട്ടൻ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, ഇപ്പോൾ രോഗവ്യാപനത്തിന് നേരിയ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 494 മരണമാണ് റിപ്പോർട്ട് ചെയ്‍തത്. ആഴ്‍ചകൾക്ക് ശേഷമാണ് പ്രതിദിന മരണസംഖ്യ 500ൽ താഴെയെത്തുന്നത്. ആകെ മരണം, 33,186 രോഗികൾ, 229,705. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും രാജ്യത്ത് ലോക്ക് ഡൗൺ ജൂൺ ഒന്ന് വരെ തുടരും.
ജർമ്മനി ആശങ്കയിൽ
ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ജർമ്മനിയിൽ രോഗവ്യാപനവും മരണവും കൂടുന്നതായി റിപ്പോർട്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ജർമ്മനിയിൽ കൊവിഡ് അത്ര കണ്ട് രൂക്ഷമായിരുന്നില്ല. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 123 മരണം റിപ്പോർട്ട് ചെയ്തു. 927 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം, 7,861 രോഗികൾ, 174,098.
അമേരിക്കയിൽ സ്ഥിതി രൂക്ഷം ; പിടിവാശി കളയാതെ ട്രംപ്
അമേരിക്കയിൽ മരണം 85000 കടന്നിരിക്കുകയാണ്. രോഗികൾ 14 ലക്ഷം കവിഞ്ഞു.
നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത് അമേരിക്കയെ വൻ പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുമെന്ന് ഉന്നത സാംക്രമിക രോഗവിദഗ്ദ്ധൻ ഡോ.ആന്തണി ഫൗച്ചി മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിക്കുകയാണ് പ്രസിഡന്റ് ട്രംപ്. സ്കൂളുകളും സമ്പദ്‌വ്യവസ്ഥയും ഉടൻ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ലോകത്താകെ മരണം മൂന്ന് ലക്ഷത്തിലേക്ക്
രോഗികൾ 44 ലക്ഷം കവിഞ്ഞു.
ഭേദമായവർ 16 ലക്ഷത്തിലധികം
ചൈനീസ് ഹാക്കേഴ്സ് കൊവിഡുമായി ബന്ധപ്പെട്ട തങ്ങളുടെ വിവരങ്ങൾ ചോർത്തിയെന്ന് അമേരിക്ക
കൊവിഡ് മൂലം ലോകത്ത് 34.3 ദശലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് ഐക്യരാഷ്ട്ര സംഘടന. കൂടുതലും ബാധിക്കുന്നത് ആഫ്രിക്കയെ.
ഫിൻലാൻഡിൽ സ്കൂളുകൾ തുറന്നു.
അടിയന്തിരാവസ്ഥ അവസാനിപ്പിക്കാനൊരുങ്ങി ജപ്പാൻ.
മെക്സിക്കൻ വിദേശകാര്യ മന്ത്രി മാർസലോ എബ്രാർഡിന്റെ വക്താവിന് കൊവിഡ്.
ചൈനയിൽ മൂന്ന് പുതിയ കേസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |