കല്ലമ്പലം: രണ്ട് വർഷം മുമ്പ് കാറ്റിലും മഴയിലും ഭാഗീകമായി തകർന്ന വീട് കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണമായും തകർന്നു. താമസം വാടക വീട്ടിലോട്ട് മാറ്റിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. ചെമ്മരുതി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഞെക്കാട് ചിറയിൽ ശാന്ത (70) യുടെ വീടാണ് തകർന്നത്. 50 വർഷം പഴക്കമുള്ള മൺകട്ട കെട്ടിയ ഓലമേഞ്ഞ വീടാണ് തകർന്നത്. കഴിഞ്ഞ രണ്ടു വർഷമായി വീടിനായി നിരവധി അപേക്ഷകൾ അധികൃതർക്ക് നൽകിയെങ്കിലും പട്ടയമില്ലെന്ന കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. അഡ്വ. വി. ജോയി എം.എൽ.എ യുടെ ശ്രമഫലമായി കഴിഞ്ഞ വർഷം പട്ടയം ലഭിച്ചതോടെ വീടിനായി അപേക്ഷയുമായി വീണ്ടും അധികൃതരെ സമീപിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. മകന്റെയും ഭർത്താവിന്റെയും മരണത്തോടെ കുടുംബത്തിന്റെ ഭാരം ശാന്തയുടെ ചുമലിലായി. കൂലിപ്പണി ചെയ്ത് മകളെ വിവാഹം കഴിപ്പിച്ചയച്ചതോടെ കടക്കെണിയിലുമായി. അധികൃതരുടെയും നാട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് വാസയോഗ്യമല്ലാത്ത വീടുവിട്ട് മകളെയും മരുമകനെയും ചെറുമകനെയും കൂട്ടി വാടകവീട്ടിലേക്ക് താമസം മാറിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ശാന്ത കിടപ്പിലാണ്. മരുമകൻ കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം ലോക്ഡൗണിൽ നിലച്ചതോടെ വാടകയ്ക്കും ചികിത്സയ്ക്കും പോലും പണം തികയാത്ത സ്ഥിതിയാണ്. തന്റെ കണ്ണടയുംമുമ്പ് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയണമെന്നാണ് ശാന്തയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |