പാലക്കാട്: ജില്ലയിൽ ഇന്നലെ തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും ചെന്നൈയിൽ നിന്ന് വന്നവരാണ്. ഇതിൽ രണ്ടുപേർ കടമ്പഴിപ്പുറം സ്വദേശികളും ഒരാൾ തൃശൂർ സ്വദേശിയുമാണ്. 14ന് ചെന്നൈയിൽ നിന്ന് വന്ന കടമ്പഴിപ്പുറം സ്വദേശിയായ യുവതി (26), ആറിന് ചെന്നൈയിൽ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശി (35), 15ന് വാളയാറിലെത്തി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള തൃശൂർ സ്വദേശി (31) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കടമ്പഴിപ്പുറം സ്വദേശിയായ യുവതിയുടെ ഭർത്താവ് ചെന്നൈയിൽ ചായക്കട നടത്തുകയാണ്. ഇവരും ഭർത്താവും നാലുവയസുള്ള കുട്ടിയും ഒരുമിച്ച് 14ന് രാവിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ വാളയാറിലെത്തി നടപടി പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോയി. വൈകിട്ട് പനി അനുഭവപ്പെട്ടതിനെ തുടർന്ന് കടമ്പഴിപ്പുറം പി.എച്ച്.സി.യിൽ വിവരമറിയിച്ചു. തുടർന്ന് ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തി സ്രവം പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.
ചെന്നൈയിൽ നിന്ന് ആറിന് വാളയാർ വഴി വന്ന കടമ്പഴിപ്പുറം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. 14ന് രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയുടെ കൂടെ എത്തിയതാണ് ഇദ്ദേഹം. സഹോദരനോടൊപ്പം മൈലാപ്പൂരിൽ ചായക്കട നടത്തുകയാണ്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ 15ന് ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്ത് വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആറിന് ഇദ്ദേഹത്തിന്റെ സഹോദരൻ ഉൾപ്പെടെ നാട്ടിലെത്തിയിരുന്നു. സഹോദരന്റെയും സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
ചെന്നൈയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. അവിടെ ഒരു ജുവലറി മാനുഫാക്ചറിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്ന അദ്ദേഹം ഒരു സുഹൃത്തിനോടൊപ്പം 13ന് ബൈക്കിൽ വരികയായിരുന്നു. ദിണ്ടിവനം എന്ന സ്ഥലത്ത് വെച്ച് ഇവരുടെ വണ്ടി കേടാവുകയും തുടർന്ന് അവിടെ തങ്ങുകയും ചെയ്തു. തുടർന്ന് 15നാണ് ഇരുവരും വാളയാറിലെത്തുന്നത്. രോഗലക്ഷണമുണ്ടായിരുന്ന ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സ്രവപരിശോധന നടത്തി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവർക്ക് 29നാണ് യാത്രാനുമതി ലഭിച്ചിരുന്നതെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം നേരത്തെ പോരുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഒല്ലൂരിലേക്ക് പോയെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേർക്കും യാത്രാ പാസ് ഉണ്ടായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12 ആയി. ഇവർക്ക് പുറമെ ദമാമിൽ നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ച ആലത്തൂർ സ്വദേശി കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലുണ്ട്.
പാലക്കാട്: ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി 16ന് എത്തിയത് 31 പാലക്കാട് സ്വദേശികൾ. ഇവരിൽ എട്ടുപേരെ കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു. 23 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദുബായിൽ നിന്ന് നെടുമ്പാശേരി വഴി 15 പാലക്കാട് സ്വദേശികളാണെത്തിയത്. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്.
അബുദാബിയിൽ നിന്ന് തിരുവനന്തപുരം വഴി എത്തിയ ഒരാളെ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിലാക്കി. അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 15 പാലക്കാട് സ്വദേശികളിൽ ഏഴുപേരെ പട്ടാമ്പി കപ്പൂർ സലാഹുദ്ദീൻ അയ്യൂബി സ്‌കൂൾ ഹോസ്റ്റലിൽ ക്വാറന്റൈനിലാക്കി.
ബാക്കി എട്ടുപേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
7114 പേർ വീടുകളിലും 36 പേർ ജില്ലാ ആശുപത്രിയിലും രണ്ടുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നാലുപേർ മണ്ണാർക്കാട് താലൂക്കാശുപത്രിയിലുമായി ആകെ 7157 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശിയും ഒരു കുഴൽമന്ദം സ്വദേശിയും ഒരു പട്ടാമ്പി സ്വദേശിയും ഒരു കാരാകുറുശി സ്വദേശിയും ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 11 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച ദമാമിൽ നിന്നെത്തിയ ആലത്തൂർ സ്വദേശി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തിൽ വർദ്ധനവുണ്ടായത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 4257 സാമ്പിളുകളിൽ ഫലം വന്ന 3812 നെഗറ്റീവും 22 എണ്ണം പോസിറ്റീവുമാണ്. ആകെ 39,337 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 32,180 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 7,322 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്. 24X7 കോൾ സെന്റർ നമ്പർ: 04912505264, 2505189, 2505847.
ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 249 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 104 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 29 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ പത്തുപേരും പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ 15 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി സ്‌കൂൾ ഹോസ്റ്റലിൽ ഏഴുപേരും കഴിയുന്നു. ഇതിന് പുറമേ ജില്ലയിൽ 145 പ്രവാസികളാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |