ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും വിദ്യാഭ്യാസ മേഖലയ്‌ക്ക് മങ്ങലേൽപ്പിക്കാതിരിക്കാൻ പലരും ക്ലാസുകളും വൈവകളും പരീക്ഷകളുമൊക്കെ ഓൺലൈനാക്കി 'ഡിജിറ്റൽ ഇന്ത്യ' യാഥാർത്ഥ്യമാക്കി. സംഗതി കൊള്ളാം. പക്ഷേ, ഫോണിന് പോലും റേഞ്ചില്ലാത്തവർ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ എന്തു ചെയ്യും?. ഉത്തരം കർണാടകയിലെ പി.ജി വിദ്യാർത്ഥിയായ ശ്രീറാം ഹെഗ്ഡെ പറയും.
റേഞ്ച് കിട്ടാൻ കിലോമീറ്ററുകൾ നടന്ന് മരത്തിന് മുകളിൽ കയറിയാണ് ശ്രീറാമിന്റെ 'ഓൺലൈൻ പഠനം."
ദക്ഷിണ കന്നഡയിലെ ഉജിരെ എസ്.ഡി.എം കോളേജിലെ എം.എസ്.ഡബ്ല്യു രണ്ടാം വർഷ വിദ്യാർത്ഥിയാണ് ശ്രീറാം. വീട് പശ്ചിമ ബംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ മാറി ഉത്തര കന്നഡ ജില്ലയിലെ സിർസി താലൂക്കിൽ ബക്കൽ ഗ്രാമത്തിൽ. ലോക്ക്ഡൗണായതോടെ സർവകലാശാല ക്ലാസുകൾ ഓൺലൈനിലാക്കി. അദ്ധ്യാപകർ ഫോണിലൂടെ ലൈവായി പഠിപ്പിക്കും. രാവിലെ പത്ത് മുതൽ ഓരോ മണിക്കൂറുള്ള രണ്ട് ക്ലാസുകളും ഉച്ചയ്ക്ക് ശേഷം 3- 4 വരെയുമാണ് ക്ളാസ്.
ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് മാത്രമുള്ള ഗ്രാമത്തിൽ ഇന്റർനെറ്റ് പോയിട്ട് ഫോൺ വിളിക്കാൻ പോലും റേഞ്ചില്ല. ഫോൺ ചതിക്കുമെന്ന് ശ്രീറാമിന് നല്ല ഉറപ്പായിരുന്നു. എന്നിട്ടും ആദ്യ ദിവസം വീട്ടിലിരുന്ന് ക്ളാസ് അറ്റൻഡ് ചെയ്യാൻ ശ്രമിച്ചു.
റേഞ്ചില്ലാത്തതിനാൽ ക്ലാസ് കേൾക്കാനായില്ല. അടുത്ത ദിവസം ശ്രീറാം ഫോണും എടുത്ത് റേഞ്ച് തപ്പി ഇറങ്ങി. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലധികം പിന്നിട്ട് ഒരു കുന്നിൻ ചെരുവിലെത്തിയപ്പോൾ അല്പം റേഞ്ച് കിട്ടി. കുന്നിൻ മുകളിലെ ഒരു കൂറ്റൻ മരത്തിലേക്ക് വലിഞ്ഞുകയറി ശ്രീറാം 'ഹൈടെക്കായി'. റേഞ്ച് ഹാജർ വച്ചു.
ഇപ്പോൾ സ്ഥിരമായി രാവിലെ ഒൻപതരയോടെ ശ്രീറാം മരത്തിൽ ഹാജരാകും. മൂന്ന് ക്ലാസുകളും കേട്ടശേഷം വൈകിട്ട് നാല് മണിയോടെ മരത്തിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകും. അത്യാവശ്യം ഭക്ഷണവും വെള്ളവും കൈയിൽ കരുതിയാണ് മരംകയറ്റം. നിലവിൽ വെയിൽ അധികമാണ്. അത് സഹിക്കാം. പക്ഷേ, മഴ തുടങ്ങിയാൽ ക്ലാസിൽ എങ്ങനെ പങ്കെടുക്കുമെന്നാണ് ഈ വിദ്യാർത്ഥിയുടെ ആശങ്ക. അന്നേരത്തേക്ക് മരത്തിന് മുകളിൽ ഒരു ഏറുമാടം കെട്ടാനും ശ്രീറാമിന് പദ്ധതിയുണ്ട്. ഏതായാലും പഠനത്തോടുള്ള ശ്രീറാമിന്റെ ആത്മാർത്ഥതയെ അഭിനന്ദിച്ച് കോളേജ് അധികൃതർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |