ആലപ്പുഴ : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് നടപ്പായാൽ സംസ്ഥാനത്തെ മത്സ്യമേഖലയ്ക്ക് ഉണർവേകും. പദ്ധതി തയ്യാറാക്കുമ്പോൾ ദേശീയ തലത്തിൽ മത്സ്യത്തൊഴിലാളി സംഘടനകളുമായി കൂടി ആലോചിക്കണമെന്ന ആവശ്യവും ശക്തമായി.
തൊഴിലാളികളുടെ കൈകളിൽ നേരിട്ട് സഹായം എത്തിക്കുന്ന തരത്തിലാവണം പദ്ധതി വേണ്ടതെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. സുനാമി, ഓഖി, പ്രളയം ദുരന്തങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുക ഇന്നും പൂർണമായി ചെലവഴിക്കാത്ത പശ്ചാത്തലത്തിലാണ് ഈ ആവശ്യം.അനുവദിക്കുന്ന തുക ലാപ്സാക്കിയ ചരിത്രമാണ് സംസ്ഥാനത്തുള്ളതെന്ന് നേതാക്കൾ പറയുന്നു.
ബഡ്ജറ്റ് വിഹിതത്തിന് പുറമേയാണ് 20000 കോടി രൂപയുടെ പാക്കേജ് . ചെറുകിടകർഷകർക്ക് സബ്‌സിഡി വായ്പ നൽകുന്ന കിസാൻ ക്രെഡിറ്റ് പദ്ധതിയിൽ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തിയത് ആശ്വാസം പകരും. ചെറുകിട ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകൾക്ക് 10000 കോടി രൂപ വകയിരുത്തിയതിനാൽ മൂല്യവർദ്ധിത മത്സ്യഉൽപ്പപന്ന ഉത്പാദന യൂണിറ്റുകൾക്ക് ഗുണം ചെയ്യും.
ബഡ്ജറ്റും പ്രഖ്യാപനവും
പുലിമുട്ടോടു കൂടിയ കടൽ ഭിത്തി നിർമ്മിക്കാൻ 2018-19ൽ സംസ്ഥാന ബഡ്ജറ്റിൽ 300കോടിയും,2019-20ൽ 227കോടിരൂപയും വകയിരുത്തിയെങ്കിലും 10ശതമാനം തുക പോലും നിർമ്മാണപ്രവർത്തനത്തിന് ഉപയോഗിച്ചില്ലെന്നാണ് ആക്ഷേപം. 2017-18ൽ ബഡ്ജറ്റിൽ 39 കോടിയും 2018-19ൽ 584 കോടിയും 2019-20ൽ 50 കോടിയും വകയിരുത്തിയെങ്കിലും 25ശതമാനം പോലും ചിലവഴിച്ചില്ല. പ്രളയ ദുരിദാശ്വാസഫണ്ടിലേയ്ക്കു ലഭിച്ച 8020 കോടി രൂപയിൽ 2041 കോടി മാത്രമാണ് ചെലവഴിച്ചത്.
പാക്കേജ് ഒറ്റ നോട്ടത്തിൽ (രൂപയിൽ)
ആകെ : 20000 കോടി
മത്സ്യകൃഷിയുൾപ്പെടെയുള്ള പദ്ധതിക്ക് :11,000കോടി
അടിസ്ഥാന വികസനത്തിന് : 9,000കോടി
പ്രധാന ആവശ്യങ്ങൾ
കടലോര-ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് 15000 രൂപ വീതം മൂന്ന് മാസം നൽകണം
ദുരന്തങ്ങളിൽ ഭവനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് സഹായം നൽകുക
തുറമുഖങ്ങളുടെയും ലാന്റിംഗ് സെന്ററുകളുടെയും വികസനത്തിന് ഗ്രാന്റ് നൽകണം
മത്സ്യത്തൊഴിലാളി മേഖലയിൽ പുതിയ ആശുപത്രി സ്ഥാപിയ്ക്കുക
തൊഴിലാളികളുടെ കടം എഴുതിത്തള്ളുക
എൻ.സി.ഡി.സി നേരിട്ട് ക്ഷേമ സഹകരണ സംഘങ്ങൾക്ക് സബ്‌സിഡിയോടു കൂടി പലിശരഹിത വായ്പ
വനിതാ സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്ക് 50ശതമാനം സബ്‌സിഡിയോടു കൂടി പലിശരഹിത വായ്പ
സമ്പാദ്യ ആശ്വാസ പദ്ധതിയ്ക്ക് തൊഴിലാളികൾ അടയ്ക്കുന്ന തുകയുടെ ഇരട്ടി കേന്ദ്രം നൽകുക
''മത്സ്യമേഖലയിലെ കേന്ദ്രപാക്കേജിനെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര തൊഴിൽ മന്ത്രാലയം നിയമിച്ച വിദഗ്ദ്ധ കമ്മീഷൻ ചെയർമാൻ ഡോ. സി.വി.ആനന്ദബോസിന് ധീവരസഭ നൽകിയ നിവേദനത്തിൽ പറഞ്ഞിട്ടുള്ള 10 ആവശ്യങ്ങളും നടപ്പാക്കണം. പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും നൽകണം.സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ
'' ഉൾനാടൻ, അനുബന്ധ തൊഴിലാളികൾക്കും സർക്കാർ പ്രഖ്യാപിച്ച കൊവിഡ് സഹായം നൽകണം. എൻ.സി.ഡി.സി പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ വായ്പ നൽകണം. ക്രെഡിറ്റ് കാർഡ് അനുസരിച്ച് ഒരു ധനകാര്യ സ്ഥാപനവും മത്സ്യത്തൊഴിലാളികൾക്ക് വായ്പ നൽകുന്നില്ല.
എ.കെ.ബേബി, വർക്കിംഗ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി കോൺഗ്രസ്
''രണ്ടുമാസമായി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് അടിയന്തമായി 5000രൂപയുടെ സാമ്പത്തിക സഹായം നൽകണം. ആവശ്യമായ മണ്ണെണ്ണ , ഡീസലിന് സബ്സിഡി എന്നിവ അനുവദിക്കുക
പി.പി.ചിത്തരഞ്ജൻ, ചെയർമാൻ, മത്സ്യഫെഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |