മുംബൈ: സോഷ്യൽ മീഡിയയിലൂടെ കണ്ട പരസ്യത്തിലെ ലിങ്കിൽ ക്ളിക്ക് ചെയ്ത് എൻ 95 മാസ്ക് വാങ്ങാൻ ശ്രമിച്ചതാണ് 35 വയസ്സുകാരനായ ആ വ്യവസായി. സൈബർ ചതിക്കുഴിയിൽ വീണ് 2.93 ലക്ഷം രൂപയാണ് അയാൾക്ക് നഷ്ടമായത്. മുംബയിലെ ബോറിവാലിയിലെ ആ വ്യാപാരി തുടർന്ന് എം.എച്ച്.ബി കോളനി പൊലീസിൽ പരാതി നൽകി.
'പണം തട്ടിയെടുത്ത പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. നഷ്ടമായ പണം തിരികെയെടുക്കാനുള്ള ശ്രമത്തിലാണ്.' പൊലീസ് പറയുന്നു. മുൻപ് എൻ 95 മാസ്കും പി.പി.ഇ കിറ്റും വാങ്ങാനുള്ള ശ്രമത്തിനിടെ മറ്റൊരു വ്യാപാരിക്ക് 12.29 ലക്ഷം രൂപയാണ് നഷ്ടമായത്. സോഷ്യൽ മീഡിയയിൽ വന്ന ലിങ്കിൽ നിന്നും രണ്ട് ലക്ഷം മാസ്കുകൾക്കാണ് വ്യാപാരി ഓർഡർ നൽകിയത്.
തനിക്ക് സ്വന്തമായി മാസ്ക് നിർമ്മാണ കമ്പനി ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി തന്റെ പക്കൽ ഒരു ലക്ഷം മാസ്കുകളാണ് ഇപ്പോഴുള്ളതെന്നും വിശ്വാസ്യതക്കായി ലോറിയിൽ മാസ്കുകൾ നിറക്കുന്ന ഒരു വീഡിയോയും അയച്ചുകൊടുത്തു. തുടർന്ന് അഡ്വാൻസായി 2.93 ലക്ഷം രൂപ വ്യാപാരി ഇയാൾക്ക് നൽകി. എന്നാൽ പിന്നീട് വിവരമൊന്നുമില്ലാതെയായതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |