കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ ഫെഡറൽ ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ സമാനപാദത്തേക്കാൾ 27 ശതമാനം ഉയർന്ന് 959.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം 4,107.95 കോടി രൂപയാണ്. വർദ്ധന 19.28 ശതമാനം. അതേസമയം, അറ്റ ലാഭം 381.51 കോടി രൂപയിൽ നിന്ന് 21 ശതമാനം താഴ്‌ന്ന് 301 കോടി രൂപയായി.
കിട്ടാക്കടം തരണം ചെയ്‌ത് ബാലൻസ് ഷീറ്ര് മെച്ചപ്പെടുത്താനുള്ള പ്രൊവിഷനിംഗ് തുകയിലെ വർദ്ധനയാണ് കഴിഞ്ഞപാദത്തിൽ ലാഭക്കുറവിന് കാരണമായത്. എന്നാൽ, കഴിഞ്ഞ സമ്പദ്‌വർഷത്തെ മൊത്തം ലാഭം 1,243.89 കോടി രൂപയിൽ നിന്ന് 24 ശതമാനം മുന്നേറി 1,542.78 കോടി രൂപയായി. വരുമാനം 12,770.05 കോടി രൂപയിൽ നിന്ന് 15,142.16 കോടി രൂപയിലേക്കും വർദ്ധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 2.92 ശതമാനത്തിൽ നിന്ന് 2.84 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.48 ശതമാനത്തിൽ നിന്ന് 1.31 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 12.02 ശതമാനം വർദ്ധിച്ച് 2.76 ലക്ഷം കോടി രൂപയിലുമെത്തി.
നേട്ടത്തിന്റെ ട്രാക്ക്
(വിവിധ വിഭാഗങ്ങളിലെ വർദ്ധന)
സ്വർണ വായ്‌പ : 28.68%
റീട്ടെയിൽ വായ്‌പ : 19.39%
കാർഷിക വായ്‌പ : 12.50%
ബിസിനസ് വായ്‌പ : 10.93%
₹57,223.10 കോടി
ബാങ്കിലെ മൊത്തം പ്രവാസി നിക്ഷേപം 14.20% ഉയർന്ന് 57,223.10 കോടി രൂപയായി.
₹14,517.61 കോടി
ഫെഡറൽ ബാങ്കിന്റെ മൊത്തം മൂല്യം
14.35%
ബേസൽ-III മാനദണ്ഡപ്രകാരം ഫെഡറൽ ബാങ്കിന്റെ മൂലധന പര്യാപ്‌തതാ അനുപാതം.
''കൊവിഡ് മഹാമാരി മൂലമുണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഫെഡറൽ ബാങ്കിന്റെ ബാലൻസ് ഷീറ്ര് ശക്തമാണ്. പ്രവർത്തനലാഭത്തിലും ആസ്‌തി ഗുണമേന്മയിലും റീട്ടെയിൽ വായ്‌പകളിലും മികച്ച വളർച്ചയാണ് ബാങ്ക് നേടിയത്""
ശ്യാം ശ്രീനിവാസൻ,
മാനേജിംഗ് ഡയറക്‌ടർ ആൻഡ്
സി.ഇ.ഒ., ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |