കൊച്ചി: ഒരു ഹെക്‌ടറിൽ നിന്ന് 15 ടൺ കാളാഞ്ചി മത്സ്യം ഉത്‌പാദിപ്പിച്ച് റെക്കാഡ് നേട്ടവുമായി സമുദ്രോത്പന്ന കയറ്രുമതി വികസന അതോറിറ്റി (എംപെഡ). അതോറിറ്റിയുടെ കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ അക്വ കൾച്ചർ പുതുച്ചേരിയിലെ പ്രദർശന ഫാമിലാണ് ഈ നേട്ടം കൊയ്തത്. രണ്ടു സെന്റീമീറ്ററോളം നീളമുള്ള മത്സ്യക്കുഞ്ഞുങ്ങളെ പത്തുമാസം കൊണ്ടാണ്, 1.2 കിലോ മുതൽ 1.5 കിലോവരെ തൂക്കമുള്ള മത്സ്യങ്ങളാക്കി വിളവെടുത്തത്.
ഒരു കിലോ മത്സ്യം ഉത്‌പാദിപ്പിക്കാൻ 1.8 കിലോ ഫ്ളോട്ടിംഗ് പെല്ലറ്ര് തീറ്റ ഉപയോഗിച്ചു. ഒരു കിലോ മത്സ്യത്തിന് ഉത്പാദനച്ചെലവ് 300 രൂപയായിരുന്നു. കടൽ ജലം, ഓരുജലം, ശുദ്ധജലം എന്നിവയിൽ ഒരുപോലെ കൃഷി ചെയ്യാവുന്ന മത്സ്യമാണ് കാളാഞ്ചി. എംപെഡയുടെ ഗവേഷണ വിഭാഗമായ തമിഴ്നാട്ടിലെ ശീർകോഴി ആസ്ഥാനമായുള്ള ആർ.ജി.സി.എ വിവിധയിനം മത്സ്യങ്ങളായ കാളാഞ്ചി, മോദ, ഞണ്ട്, ഗിഫ്‌റ്ര് തിലാപ്പിയ, ആവോലി എന്നിങ്ങനെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വിത്തുത്പാദനവും അവയുടെ കൃഷിക്കായുള്ള ആധുനിക സാങ്കേതിക വിദ്യകളും വികസിപ്പിച്ചിട്ടുണ്ട്.
ചില്ലറക്കാരനല്ല കാളാഞ്ചി
ഇന്ത്യയിലും വിദേശത്തും വൻ ഡിമാൻഡുള്ള മത്സ്യമാണ് കാളാഞ്ചി. മാംസളവും നല്ല രുചിയുമാണ് പ്രത്യേകത. പുതുച്ചേരിയിലെ പ്രദർശന ഫാമിൽ ഉത്പാദിപ്പിച്ച കാളാഞ്ചി ഒന്നിന് 420-450 രൂപ നിരക്കിലാണ് എംപെഡ വിറ്റഴിച്ചത്. ഒരു ഹെക്‌ടറിൽ നിന്ന് 17 ലക്ഷം രൂപ ലാഭവും ലഭിച്ചു. കാളാഞ്ചിക്ക് ആഭ്യന്തര വിപണിയിൽ വില കിലോയ്ക്ക് 500 രൂപ വരെ കിട്ടാറുണ്ട്.
''ആഭ്യന്തര - വിദേശ വിപണികളിൽ വൻ ഡിമാൻഡുള്ള കാളാഞ്ചി മത്സ്യകൃഷിയിൽ എംപെഡ കൈവരിച്ച നേട്ടം ചെമ്മീൻ ഇതര മത്സ്യങ്ങളും വളർത്താൻ കർഷകർക്ക് പ്രചോദനമാകും""
കെ.എസ്. ശ്രീനിവാസ്,
ചെയർമാൻ, എംപെഡ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |