കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം തീർക്കുന്നതിൽ ആർബിട്രേറ്റർ കൂടിയായ ജില്ലാ കളക്ടർ ധൃതി കൂട്ടുന്നുവെന്ന ആരോപണവുമായി കക്ഷികൾ.കൊവിഡ് കാലത്ത് കാസർകോട്ടേക്ക് വിളിച്ച് കളക്ടർ കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണമാണ് കക്ഷികൾ അഭിഭാഷകർ മുഖേന ഉയർത്തുന്നത്.
ചെങ്കള മുതൽ നീലേശ്വരം വരെയുള്ള വികസനത്തിന് ടെൻഡറിന് അനുമതിയായ സാഹചര്യത്തിൽ ജൂലായ് 31നകം സ്ഥലമേറ്റെടുത്ത് തർക്കം ഒത്തുതീർക്കണമെന്നാണ് മുഖ്യമന്ത്രി ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലമെടുപ്പ് തർക്കവുമായി ബന്ധപ്പെട്ട് 700 ൽ പരം കേസുകളാണ് നിലവിലുള്ളത്. ഇതിൽ തീർപ്പായാൽ മാത്രമേ പ്രവൃത്തി ആരംഭിക്കാൻ കഴിയുകയുള്ളൂ. ഇതു പ്രകാരം നടപടിയെടുക്കുമ്പോഴാണ് ചിലർ കൊവിഡ് കാലത്ത് കളക്ടർ കക്ഷികളെ കാസർകോട്ടേക്ക് വരുത്തിച്ച് കഷ്ടപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയർത്തുന്നത്. എന്നാൽ കൊവിഡുമായി ഇതിന് ബന്ധമില്ലെന്നും 31 നകം കേസുകൾ തീർക്കേണ്ടതിനാൽ എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സിറ്റിംഗ് വച്ചതാണെന്നും ജില്ലാ കളക്ടർ കേരള കൗമുദിയോട് പറഞ്ഞു. കക്ഷികൾ ഒരു പ്രാവശ്യമെങ്കിലും വന്നാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റെടുത്ത ഭൂമിക്ക് കിട്ടിയ തുക കുറഞ്ഞുപോയെന്ന പരാതിയും തുക കൂടുതലായി നൽകേണ്ടി വന്നുവെന്ന ദേശീയപാത അധികൃതരുടെ ആക്ഷേപവുമാണ് കളക്ടറുടെ തീർപ്പിന് വിട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടാം തീയ്യതി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടന്നിരുന്നു. പുല്ലൂർ-പെരിയ, പനയാൽ, മൊഗ്രാൽ, മംഗൽപാടി, ഉപ്പള, അടുക്കത്ത് ബയൽ, ബല്ല എന്നിവിടങ്ങളിൽ നിന്നുള്ള കക്ഷികളെയാണ് വിളിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |