പുൽപ്പള്ളി: കാട്ടിൽ വിറക് പെറുക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. പുൽപ്പള്ളി കദവാക്കുന്ന് ബസവൻകൊല്ലി കോളനിയിലെ മാധവദാസിന്റെ മകൻ ശിവകുമാറിനാണ് (23) ദാരുണാന്ത്യം. തെരച്ചിലിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പലപ്പോഴും കടുവയിറങ്ങാറുണ്ട് ഈ ഭാഗത്ത്. പുൽപ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവറാണ് ശിവകുമാർ. അമ്മ: ജാനകി. സഹോദരി: മഞ്ജു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവ് വീടിനടുത്തുള്ള കാട്ടിലേക്ക് കയറിയത്. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ ഇന്നലെ രാവിലെ വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി. കാട്ടിൽ ഒരു മരത്തിൽ വാക്കത്തി കൊത്തിവച്ച നിലയിൽ ഉച്ചയോടെ കണ്ടെത്തി. ഇതിനടുത്തായി ചെരുപ്പും പേഴ്സുമുണ്ടായിരുന്നു. അവിടെ ചോരപ്പാടുകളുമുണ്ടായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് അകലെയല്ലാതെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ശിവകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കടുവയെ പിടികൂടാൻ നടപടി കൈക്കൊള്ളുമെന്നും ഡി.എഫ്.ഒ രഞ്ജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |