കണ്ണൂർ :ഒരു കമ്പനിയും ഇന്ന് ടൈപ്പ് റൈറ്റർ നിർമ്മിക്കുന്നില്ല.ഒരിടത്തും ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കുന്നുമില്ല. സർക്കാർ ഓഫീസുകളിലെ മെഷീനുകൾ ആക്രിക്കടകളിലേക്ക് പണ്ടേ ഇറങ്ങിപ്പോയി.എന്നാൽ തളിപ്പറമ്പ് ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശിയായ വി.വി.ശ്രീധരന്റെ ജീവിതം ആർക്കും വേണ്ടാത്ത ടൈപ്പ് റൈറ്ററുകൾക്ക് വേണ്ടിയാണ്.ശബ്ദം നിലച്ച ടൈപ്പ് റൈറ്ററുകൾക്കിടയിൽ നാൽപത് വർഷമായി ഈ അറുപതുകാരനുണ്ട്.
വിദ്യാർത്ഥിയായിരിക്കെ ചെന്നൈയിലുള്ള സഹോദരിയെ കാണാൻ പോയതാണ് ടൈപ്പ് റൈറ്ററുകളോട് ശ്രീധരന്റെ ചങ്ങാത്തത്തിന്റെ തുടക്കം. സഹോദരിയുടെ ഭർത്താവാണ് ആദ്യഗുരു. 1970 ൽ പണി തുടങ്ങുമ്പോൾടൈപ്പ് റൈറ്ററുകളുടെ വില 5500 രൂപ. പണയത്തിന് പോലും ടൈപ്പ് റൈറ്ററുകളാണ് ഈടായി വച്ചിരുന്ന കാലം. എട്ട് ശതമാനം പലിശയ്ക്ക് പണം വായ്പ കിട്ടും.
ടൈപ്പ് റൈറ്ററിന്റെ അറ്റകുറ്റപ്പണി ചില്ലറക്കാര്യമല്ല.ഒരു മണിക്കൂർ മുതൽ ചിലപ്പോൾ മൂന്നു ദിവസം വരെ വേണ്ടി വരും. അറ്റകുറ്റപണിക്ക് നൽകാൻ കാണിക്കുന്ന ആവേശം സാധനം തിരിച്ചു കൊണ്ടുപോകുന്നതിൽ പലർക്കുമില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. ചെന്നൈയിൽ ജീവിക്കുന്ന ശ്രീധരന് ആശ്വാസമായി ചില സ്വകാര്യ വ്യക്തികളുടെ വിളികൾ എത്തുന്നതും ടൈപ്പ് റൈറ്റർ തകരാർ പരിഹരിക്കുന്ന കാര്യത്തിനായാണ്. ഒരു കൗതുകത്തിനു വേണ്ടി ടൈപ്പ് റൈറ്ററുകൾ ഉപയോഗിക്കുന്ന ചിലരുണ്ട്. എന്തെങ്കിലും തകരാർ സംഭവിച്ചാൽ അവർ ശ്രീധരനെ വിളിക്കും.
എ മുതൽ ഇസെഡ് വരെ കമ്പനികൾ
എ മുതൽ ഇസെഡ് വരെയുള്ള അക്ഷരമാലാക്രമത്തിൽ ടൈപ്പ് റൈറ്റർ കമ്പനികളുടെ പേരുകൾ ശ്രീധരന് മന :പാഠമാണ്. 26 ഇംഗ്ളീഷ് അക്ഷരങ്ങളുടെയും പേരിൽ ടൈപ്പ് റൈറ്റർ കമ്പനികളുണ്ടായിരുന്നു. ഇത് മറ്റൊരു ഉൽപ്പന്നത്തിനും ഇല്ലാത്ത സവിശേഷതയാണ്. ഒരു മിനിട്ടിനകം പച്ചവെള്ളം പോലെ ശ്രീധരൻ ഈ പേരുകൾ ഒന്നിനു പിറകെ ഒന്നായി പറയും.
എ - അഡ് ലർ, ബി - ബാർ ലോക്, സി- കോണ്ടിനെന്റൽ, ഡി- ഡയാന, ഇ.. ഇറിക്ക, എഫ്- ഫാസിറ്റ്, ജി- ഗോദ് റെജ്.......... ഇസെഡ്- സോയ...... ഇങ്ങനെ പോകുന്നു അക്ഷരമാലാ ക്രമത്തിൽ ടൈപ്പ് റൈറ്ററുകളുടെ പേരുകൾ.
വി.വി.. ശ്രീധരൻ
എല്ലാവരും ഈ ജോലി വിട്ടപ്പോൾ ഇത് വിടാൻ തോന്നുന്നില്ല. ഇതിനോട് അത്രയും അടുപ്പം തോന്നുന്നതു കൊണ്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |