മുംബയ്: ഇന്ത്യയിൽ നിന്നുള്ള രത്ന ആഭരണ കയറ്റുമതിക്ക് വലിയ തിരിച്ചടി. ഇത്രയും തകർച്ച ഇതാദ്യമാണ്. ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് വഴിവെച്ചത്. രണ്ട് ദശലക്ഷം ഡോളറിന്റെ ആഭരണ കയറ്റുമതി മാത്രമാണ് ഈ ഏപ്രിലിൽ നടന്നത്. അതേ സമയം ഇറക്കുമതി മൂല്യം ഒമ്പത് ദശലക്ഷം ഡോളറാണ്.
കൊവിഡ് മൂലം രാജ്യത്തെ ആഭരണ നിർമ്മാണ ശാലകളെല്ലാം അക്ഷരാർത്ഥത്തിൽ നിശ്ചലമായി.വിശേഷിച്ച് മുംബയിലേത്. മേയ് മദ്ധ്യത്തോടെ മുംബെയിലും മറ്റുമുള്ള വലിയ നിർമ്മാണ ശാലകളെ ഭാഗികമായി പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. നഷ്ടം പരിഹരിക്കാനും വിദേശ ഓർഡറുകൾ നഷ്ടമാകാതിരിക്കാനും വേണ്ടിയാണിത്. ഇതുമൂലം കയറ്റുമതി പുനരാരംഭിച്ചു. മേയിൽ 570 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 207 ദശലക്ഷത്തിന്റെ ഇറക്കുമതിയുമുണ്ടായി. ജൂണിൽ കുറേക്കൂടി വ്യാപാരം മെച്ചപ്പെടുമെന്നും പിന്നീട് ഇടിവുണ്ടാകുമെന്നാണ് സൂചനകൾ.
വൻകിട ആഭരണ നിർമ്മാതാക്കളിൽ ചിലർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായതും ഇവരുടെ ബാങ്കിംഗ് ഇടപാടുകളിലെ പ്രശ്നങ്ങളും കയറ്റുമതിയെ ബാധിക്കാനുമിടയുണ്ട്. കടുത്ത സർക്കാർ നിയന്ത്രണങ്ങളും സ്വർണത്തിന്റെ ഉയർന്ന കസ്റ്റംസ് ഡ്യൂട്ടിയും കുറയുന്ന വിദേശ ഡിമാൻഡും കസ്റ്റംസിന്റെ കർശന പരിശോധനകളുമെല്ലാം ഈ വ്യവസായത്തെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
ഡിസംബറിൽ വിവാഹ സീസണോടെ ആഭ്യന്തര വിപണി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഒപ്പം ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളും ഡയമണ്ട് ആഭരണങ്ങളിലേക്ക് തിരിയുന്നതും വ്യവസായത്തെ സഹായിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |