സ്റ്റോപ്പ് മെമ്മോ നീക്കിയെന്ന് പഞ്ചായത്ത് സെക്രട്ടറി
കൊച്ചി: തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് മണൽനീക്കം ചെയ്യുന്ന നടപടികൾ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് (കെ.എം.എം.എൽ) തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരിമണൽ അടങ്ങിയ, പൊഴിമണൽ നീക്കത്തെ എതിർത്ത് തോട്ടപ്പള്ളി സ്വദേശി എം.എച്ച്. വിജയൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. മണൽ കെ.എം.എം.എല്ലിന്റെ പരിസരത്തു ശേഖരിക്കാമെന്നും ഇതിന്റെ കണക്കു സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
പാരിസ്ഥിതികാനുമതി ഇല്ലാതെ പൊഴിമുഖത്ത് മണൽഖനനം അനുവദിക്കരുതെന്നും ഇതു പൊഴിയെ ദോഷകരമായി ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ മണൽ ഖനനമല്ല, അടിഞ്ഞുകൂടിയ മണൽ നീക്കുകയാണ് ഇവിടെ നടക്കുന്നതെന്ന് സർക്കാർ വാദിച്ചു. മഴക്കാലത്ത് കുട്ടനാട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ പൊഴിയിലെ മണ്ണു നീക്കുന്നതടക്കമുള്ള നടപടികൾ സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്തതാണ്. ആറ്റോമിക് മിനറൽസിന്റെ വിഭാഗത്തിൽ വരുന്ന കരിമണലാണെന്നതിനാലാണ് കെ.എം.എം.എല്ലിന് അനുമതി നൽകിയത്. ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിനും കെ.എം.എം.എല്ലിനും മാത്രമാണ് കരിമണൽ നീക്കാൻ അനുമതിയുള്ളതെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു.
മണൽ നീക്കംചെയ്യുന്നതിന് പുറക്കാട് പഞ്ചായത്ത് സ്റ്റോപ്പ്മെമ്മോ നൽകിയിരുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പൊഴിമുഖത്തെ കനാലിന്റെ വീതികൂട്ടുന്നതിൽ എതിർപ്പില്ലെങ്കിലും ഇവിടെനിന്ന് കരിമണൽ നീക്കുന്നതിന് മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷൻ) നിയമവും ആറ്റോമിക് മിനറൽസ് കൺസെഷൻ ചട്ടവും ബാധകമാണെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ സ്റ്റോപ്പ്മെമ്മോ നിലവിലില്ലെന്നും ഇതു നീക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്നാണ് മണൽ നീക്കാനുള്ള നടപടി തുടരാമെന്നും ഇതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. കേസിലെ കക്ഷികളോടു സത്യവാങ്മൂലം നൽകാൻ നിർദേശിച്ച് ഹർജി രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |