'വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം' എന്ന കവിവാക്യമാണ് കൊല്ലത്തുകാർക്കുള്ള ഇപ്പോഴത്തെ ഏക ആശ്വാസം. വീടുകളിൽ വൈദ്യുതിയുണ്ട് മേയറേ, പക്ഷെ, കെ.എസ്.ഇ.ബിയുടെ ബ്ലേഡ് കൊണ്ട് മുറിഞ്ഞുനിൽക്കുന്ന ജനമിപ്പോൾ പുറത്തെ ലൈറ്റുകൾ ഇടാറില്ല. പക്ഷേ, കോർപ്പറേഷൻ ലൈറ്റുകളും കണ്ണടയ്ക്കുന്നതിന് എന്താണ് കാരണം?.
ഇന്നിട്ട ലൈറ്റുകൾ നാളെത്തന്നെ അണയുന്നതും നാടാകെ ഇരുട്ടിൽ മുങ്ങുന്നതും മേയർ കാണുന്നില്ലേ?. കോർപ്പറേഷൻ വകയായി 24,000 ലേറെയാണല്ലോ തെരുവ് വിളക്കുകൾ. ഇത് ശരിയാക്കാനും ലൈറ്റ് മാറ്റിയിടാനുമൊക്കെ കൃത്യമായി പണം കൊടുക്കുന്നുണ്ടല്ലോ. എത്ര ലൈറ്റ് കത്തുന്നുണ്ടെന്ന് എന്തുകൊണ്ട് പരിശോധിക്കുന്നില്ല. മാറ്റിയിടാൻ കോർപ്പറേഷൻ നൽകുന്ന ലൈറ്റുകൾ വേഗം കേടാകുന്നതിന് പിന്നിൽ നാട്ടുകാർക്ക് സംശയമുണ്ട്. മേയർ ഒന്ന് അന്വേഷിച്ച് വിശദീകരിക്കുന്നത് നന്നായിരിക്കും.
മാറ്റിയിടാൻ കൊടുക്കുന്ന ലൈറ്റുകൾ ആരെങ്കിലും അടിച്ചുമാറ്റുന്നുണ്ടോ. കോർപ്പറേഷൻ കൊടുക്കുന്ന ലൈറ്റുകൾ തന്നെയാണോ നിരത്തുകളിൽ തെളിയുന്നത്. കോർപ്പറേന് ലൈറ്റിൽ പ്രത്യേക മുദ്ര പതിപ്പിച്ചും നൽകാമല്ലോ. പക്ഷേ ഇതൊന്നും നടക്കുന്നില്ല. മരാമത്തും സി.പി.ഐ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കൊല്ലംകാരന്റെ അറിവ്. മൂന്ന് നാല് മാസം കഴിഞ്ഞാൽ ഈ ഡിവിഷനുകളിലെല്ലാം വോട്ട് ചോദിക്കാൻ പോകേണ്ടതാണ്. അപ്പോൾ നാട്ടുകാർ ഇതൊക്കെ ചോദിച്ചാൽ മറുപടി വേണ്ടേ?.
നഗരസഭ 34 ലക്ഷത്തിലേറെ രൂപയല്ലേ മാസാമാസം വൈദ്യുതി ബില്ല് അടയ്ക്കുന്നത്. തെരുവ് വിളക്ക് കത്തിക്കുന്നതിനും മറ്റും വേറെയും ചെലവാക്കുന്നു. ട്യൂബ് ലൈറ്റുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ കൊണ്ടുവന്ന പദ്ധതി ഇനിയും വെളിച്ചം കണ്ടിട്ടില്ല. തദ്ദേശ മന്ത്രിയും ഫിഷറീസ് മന്ത്രിയുമൊക്കെ എൽ.ഇ.ഡി ബൾബിന്റെ മാഹാത്മ്യം മേയർക്ക് വിവരിച്ചുതന്നതായാണ് ദോഷൈകദൃക്കുകൾ പറഞ്ഞുനടക്കുന്നത്.
വൈദ്യുതി ചാർജ് കുറയുന്നതിനൊപ്പം എല്ലാ ചുമതലയും ഒരു കമ്പനിക്കാവുമെന്നൊക്കെയായിരുന്നു മുൻ മേയറുടെ കാലത്ത് പറഞ്ഞുകേട്ടിരുന്നത്. ഇനി കരാറിന് പിന്നിൽ സി.പി.എം- സി.പി.ഐ സഖാക്കളുടെ ആഭ്യന്തരവും വിപ്ലവാത്മകവുമായ കറക്കിക്കുത്ത് കളിയുണ്ടോയെന്നും ജനത്തിന് സംശയമുണ്ട്. മേയറെ എന്തായാലും തെരുവുവിളക്ക് കത്തിച്ചേ പറ്റൂ. പ്രധാന കവലകൾ പോലും ഇരുട്ടിലാണ്. കരാർ ഏതായാലും ജനത്തിന് കണ്ണ് കണ്ടൊന്ന് നടക്കണം. ജനം കൃത്യമായി നികുതി അടയ്ക്കുന്നവരല്ലേ. താമസിച്ചാൽ നിങ്ങൾ പിഴ അടിക്കില്ലേ. ജനത്തെ തുടർച്ചയായി ഇരുട്ടിലാക്കുന്നതിന് ജനം വിധിക്കുന്ന 'പിഴയെപറ്റി ' കൂടി മേയർ ചിന്തിക്കുന്നത് നന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |