കൊച്ചി: ലോകത്ത് ആദ്യമായി പച്ചമീൻ ഓൺലൈനിൽ വിറ്റഴിച്ച കമ്പനി. പച്ചമീനെ ആദ്യമായി 'ബ്രാൻഡ്" ചെയ്‌ത കമ്പനി. ഇന്ത്യയിലെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ളാറ്ര്‌ഫോം. ഗൂഗിളും മൈക്രോസോഫ്‌റ്റും ഉൾപ്പെടെ ഒട്ടേറെ ലോകോത്തര കമ്പനികളുടെ നിക്ഷേപം സ്വന്തമാക്കിയ 'മലയാളി" സംരംഭം. ഫ്രഷ് ടു ഹോമിന്റെ വിശേഷണങ്ങൾക്ക് അതിർവരമ്പുകളില്ല. അഞ്ച് ഓർഡറുകളിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര ഇപ്പോൾ പ്രതിമാസം പത്തുലക്ഷത്തിലേറെ ഓർഡറുകൾ നേടി മുന്നേറുന്നു.
ഫ്രഷ് ടു ഹോമിന്റെ മുന്നേറ്റത്തെ 'നല്ല ഫ്രഷ് വിജയം" എന്നു വിളിക്കാം. മായം ഒട്ടുമില്ല എന്നത് തന്നെയാണ് വിജയമന്ത്രം. വെള്ളത്തിൽ ജീവിച്ചിരുന്ന മീൻ എങ്ങനെയായിരുന്നോ, അതേ ശുദ്ധിയോട് കൂടി അത് ഫ്രഷ് ടു ഹോമിലൂടെ ഉപഭോക്താവിലേക്ക് എത്തുന്നു. കോഴിയിറച്ചി, മട്ടൺ, ചെമ്മീൻ, കുട്ടനാടൻ താറാവ്, അച്ചാറുകൾ, പ്രഗത്ഭരായ ഷെഫുമാർ തയ്യാറാക്കിയ റെഡി ടു കുക്ക് (മാരിനേറ്റഡ്) വിഭവങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഫ്രഷ് പഴം, പച്ചക്കറികൾ തുടങ്ങിയവയും ഫ്രഷ് ടു ഹോമിൽ ലഭിക്കും.
കടൽ കടന്ന്
ചേർത്തല സ്വദേശിയും ഫ്രഷ് ടു ഹോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മാത്യു ജോസഫിന്റെ ആശയമാണ് പച്ചമീനിനെ ഓൺലൈനിലാക്കിയത്. സീഫുഡ് ഹബ്ബ് ആയ അരൂരിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു മാത്യു. ജോലി 'കണക്ക്" ആണെങ്കിലും മാത്യുവിന് ഇഷ്‌ടം മീനുകളെയായിരുന്നു.
ഇതറിഞ്ഞ കമ്പനി അദ്ദേഹത്തെ പർച്ചേസ് വിഭാഗത്തിൽ അസിസ്‌റ്റന്റ് മാനേജരാക്കി. പിന്നീട് ഓപ്പറേഷൻസ് മാനേജരും. ഒരു പതിറ്റാണ്ടോളം ആ കമ്പനിയിൽ ജോലി ചെയ്‌ത മാത്യു, അവിടെ നിന്നിറങ്ങി. സ്വന്തമായി ഒരു എക്‌സ്പോർട്ടിംഗ് കമ്പനി, അതായിരുന്നു മോഹം. ദുബായിലെ ഒരു സുഹൃത്താണ് പറഞ്ഞത്, അവിടെ പച്ചമീനിന് നല്ല 'മാർക്കറ്ര്" ഉണ്ടെന്ന്.
കൊച്ചിയിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയകാലം. അതൊരു അനുഗ്രഹമായി കണ്ട്, മാത്യു പച്ചമീൻ കയറ്റുമതി കമ്പനിക്ക് തുടക്കമിട്ടു. നല്ല ഫ്രഷ് മീൻ, മാത്യുവിന്റെ കൈപിടിച്ച് കടൽ കടന്നു. മൂന്നുമാസത്തിനിടെ മാത്യുവിനെ പോലും അമ്പരിപ്പിച്ച് സൗദി, സിംഗപ്പൂർ, ഓസ്‌ട്രേലിയ, തായ്‌പേയ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുകളെത്തി.
നഷ്‌ടത്തിന്റെ ഓളങ്ങൾ
കയ്‌പിന്റെ രുചിയറിഞ്ഞവനേ മധുരം നന്നായി ആസ്വദിക്കാനാകൂ എന്ന് പറയുന്നതുപോലെയായിരുന്നു പിന്നീട് കാര്യങ്ങൾ. 2008-10 കാലയളവിലെ ആഗോളമാന്ദ്യം ബാധിച്ചില്ല. പക്ഷേ, അനന്തരം ഓർഡറുകൾ കുറഞ്ഞു. മീൻ വിലകുറച്ച് വിൽക്കേണ്ടി വന്നു. നഷ്‌ടം ദിനംപ്രതി കൂടി.
അങ്ങനെയിരിക്കേ, അത്താഴം കഴിക്കുമ്പോൾ മാത്യുവിനോട് ഭാര്യ പറഞ്ഞു ''എന്തിനാണ് മീൻ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത്? അതിവിടെ തന്നെ വിറ്രാൽ പോരെ?""
അതോടെ, മാത്യു 'ഫോക്കസ്" ഇന്ത്യയിലേക്ക് മാറ്റി. 5,000 കോടി ഡോളറിന്റെ (ഏകദേശം 3.80 ലക്ഷം കോടി രൂപ) പച്ചമീൻ കച്ചവടമുള്ള ഇന്ത്യ.
കടലിൽ നിന്ന്
വീട്ടിലേക്ക്
വൈകാതെ മാത്യു, ഓൺലൈനിലേക്കും ചുവടുവച്ചു. കൊച്ചിയിലെ ഒരു സോഫ്‌റ്ര്‌വെയർ കമ്പനിയുമായി സംസാരിച്ച്, വെബ്‌സൈറ്റ് തുടങ്ങി. 2012ൽ അങ്ങനെ സീ ടു ഹോം കമ്പനിക്ക് തുടക്കമായി; കടലിൽ നിന്ന് വീട്ടിലേക്ക്.
അഞ്ച് ഓർഡറുകളായിരുന്നു തുടക്കം. ദിനംപ്രതി ഓർഡറുകൾ കൂടി. കൊച്ചി, തിരുവനന്തപുരം, ഡൽഹി, ബാംഗ്ളൂർ... സീ ടു ഹോം കൂടുതൽ നഗരങ്ങളിലേക്ക് വളർന്നു. ഓർഡറുകൾ കൂടിയതോടെ, ഒരുദിവസം ആയിരത്തിലേറെ സന്ദർശകർ വെബ്‌സൈറ്റിൽ തിക്കിത്തിരക്കി. അതോടെ, വെബ്‌സൈറ്ര് ഡൗണായി. പ്രശ്നം പരിഹരിക്കാനാവാതെ, വെബ്‌സൈറ്ര് പൂട്ടേണ്ടി വന്നു.
ഫ്രഷ് ടു ഹോം
സീ ടു ഹോം വെബ്‌സൈറ്ര് പൂട്ടിയതോടെ, ഉപഭോക്താക്കളുടെ ഫോൺ വിളിയായി. ''ഇതെന്താ ഇപ്പോൾ മീൻ തരാത്തത്?"" എന്ന ചോദ്യവുമായി ബംഗളൂരുവിൽ നിന്നൊരു വിളിയെത്തി. അവിടെയാണ്, 'ഫ്രഷ് ടു ഹോം" തുടങ്ങുന്നത്.
സിംഗ.കോം എന്ന ഓൺലൈൻ ഗേമിംഗ് കമ്പനിയുടെ മേധാവിയും മലയാളിയുമായ ഷാൻ കടവിലിന്റേതായിരുന്നു ആ ചോദ്യം. സിംഗയുടെ സെർവർ പ്രയോജനപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാമെന്ന് ഷാൻ പറഞ്ഞു. അങ്ങനെ മാത്യുവും ഷാനും കൈകോർത്തു. 2015ൽ സീ ടു ഹോം, 'ഫ്രഷ് ടു ഹോം" ആയി പുനരവതരിച്ചു. പച്ചമീനിന് പുറമേ മറ്റു വിഭവങ്ങളും ഉൾപ്പെടുത്തിയതോടെയാണ് ഈ പേര് മാറ്റം. ഷാൻ കടവിൽ, കമ്പനിയുടെ സി.ഇ.ഒയായി. ബംഗളൂരു ഫ്രഷ് ടു ഹോമിന്റെ ആസ്ഥാനവുമായി.
വളർച്ചയുടെ
പാത
ഉന്നത നിലവാരം, വൈവിദ്ധ്യമേറിയ ഉത്‌പന്നങ്ങൾ, ടീം വർക്ക് എന്നിവയാണ് ഫ്രഷ് ടു ഹോമിന്റെ വിജയക്കൂട്ടുകൾ. ഇന്ത്യയിലെ ഓൺലൈൻ ഫ്രഷ് മത്സ്യ, മാംസ വിപണിയിൽ ഒന്നാംസ്ഥാനത്താണ് ഫ്രഷ് ടു ഹോം. കേരളത്തിന് പുറമേ ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബയ്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലും ദുബായിലുമാണ് സാന്നിദ്ധ്യം. ആറുമാസം കൊണ്ട് ദുബായിലും ഒന്നാംസ്ഥാനം നേടി. സൗദി, സിംഗപ്പൂർ, ഒമാൻ എന്നിവിടങ്ങളിലും സാന്നിദ്ധ്യം അറിയിക്കാനുള്ള ചർച്ചകൾ നടക്കുന്നു.
രജിസ്‌റ്റേഡ് ഉപഭോക്താക്കൾ 11 ലക്ഷം. ഇന്ത്യയിൽ ഏറ്രവുമധികം 'റിപ്പീറ്ര് കസ്‌റ്റമേഴ്‌സ്" ഉള്ളത് ഫ്രഷ് ടു ഹോമിനാണ്. www.freshtohome.com എന്ന വെബ്‌സൈറ്റും മൊബൈൽ ആപ്പുമുണ്ട്. 90 ശതമാനം ഓർഡറുകളും ആപ്പു വഴിയാണ്.
കേരളത്തിൽ 18 നഗരങ്ങളൽ സാന്നിദ്ധ്യമുണ്ട്. തൊടുപുഴ, മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും വൈകാതെ പ്രവർത്തനം വ്യാപിപ്പിക്കും. പഴം, പച്ചക്കറി, പാൽ വില്പന കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതും പരിഗണിക്കുന്നു. ബംഗളൂരുവിൽ ഇഡലി, ദോശ വിതരണവുമുണ്ട്.
നിക്ഷേപ മഴ
ഗൂഗിൾ, മൈക്രോസോഫ്‌റ്ര്, ഫേസ്ബുക്ക്, സിംഗ.കോം തുടങ്ങി ഒട്ടേറെ ലോകോത്തര കമ്പനികളുടെ നിക്ഷേപം ഫ്രഷ് ടു ഹോം നേടിയിട്ടുണ്ട്. മൊത്തം ലഭിച്ച നിക്ഷേപം 230 കോടി രൂപ മതിക്കും. 1,250 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. ഫ്രഷ് ടു ഹോം പ്ളാറ്ര്‌ഫോമിൽ ഇന്ത്യയിലും വിദേശത്തുമായി തൊഴിലെടുക്കുന്നത് 2000ലേറേ പേർ.
₹450 കോടി
നടപ്പുവർഷം ഫ്രഷ് ടു ഹോം പ്രതീക്ഷിക്കുന്ന വിറ്റുവരവ് 450 കോടി രൂപയാണ്. കഴിഞ്ഞവർഷം 150 ശതമാനം വളർച്ചയുമായി വിറ്റുവരവ് 350 കോടി രൂപയായിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക്
ആശ്വാസം
ലോകത്ത് ആദ്യമായി അസംഘടിത മത്സ്യമേഖലയെ ഓൺലൈൻ ആപ്പിലാക്കിയത് ഫ്രഷ് ടു ഹോം ആണ്. 80 ശതമാനം മത്സ്യവും കമ്പനി കേരളത്തിൽ നിന്ന് തന്നെ ശേഖരിക്കുന്നു. 125 കടപ്പുറങ്ങളിൽ നിന്നാണ് ശേഖരണം. മത്സ്യം ഫ്രഷ് ടു ഹോമിന് ലേലത്തിലൂടെ കൈമാറാൻ പ്രത്യേക മൊബൈൽ ആപ്പ് മത്സ്യത്തൊഴിലാളികൾക്കായി സജ്ജമാക്കിയിരുന്നു.
ഇതുവഴി, ഇടനിലക്കാരില്ലാതെ വില പറഞ്ഞ് മത്സ്യം വിൽക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നു. ഇടനിലക്കാരില്ലാതെ, യഥാർത്ഥ വിലയ്ക്ക് ലഭിക്കുന്നതിനാൽ മത്സ്യം ആകർഷക വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകാൻ ഫ്രഷ് ടു ഹോമിനും കഴിയുന്നു.
ലോക്ക്ഡൗണിലെ
നേട്ടം
ലോക്ക്ഡൗണിൽ ഫ്രഷ് ടു ഹോം നടപ്പാക്കിയ കോണ്ടാക്‌ട്‌ലെസ് ഡെലിവറി വൻ ഹിറ്റായി. ലോക്ക്ഡൗണിന് മുമ്പ് 30 ശതമാനം കാഷ് ഓൺ ഡെലിവറി ആയിരുന്നത്, ഇപ്പോൾ 100 ശതമാനം ഓൺലൈൻ പേമെന്റ് ആയി. ഉപഭോക്താവും ഡെലിവറി ബോയിയും തമ്മിൽ കണാതെയുള്ള, സുരക്ഷിതമായ ഡെലിവറി സംവിധാനമാണ് കമ്പനി ഒരുക്കിയത്.
ഓർഡറുകളിൽ 30 ശതമാനം വർദ്ധന ലോക്ക്ഡൗണിലുണ്ടായി. പ്രതിമാസ ഓർഡറുകൾ 10 ലക്ഷം കടന്നത് ലോക്ക്ഡൗണിലാണ്. ജീവനക്കാർക്ക് ലോക്ക്ഡൗണിൽ 50 ശതമാനം വരെ 'ഹീറോ ബോണസും" കമ്പനി നൽകിയിരുന്നു.
300+
മുന്നൂറിലേറെ വ്യത്യസ്‌തമായ മത്സ്യവിഭവങ്ങൾ ഫ്രഷ് ടു ഹോമിലുണ്ട്. മൊത്തം 600ലേറെ വിഭവങ്ങളും ലഭിക്കും. ഓൺലൈൻ ഡെലിവറിക്ക് പുറമേ എക്‌സ്‌പ്രസ് ഡെലിവറി സംവിധാനവുമുണ്ട്.
₹1,500 കോടി
2025ഓടെ 1,500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം. ആ നാഴികക്കല്ല് താണ്ടി ഓഹരി വിപണിയിലേക്ക് (ഐ.പി.ഒ) കടക്കാനും ലക്ഷ്യമിടുന്നു.
ഫാക്‌ടറികൾ
കൊച്ചി (ചന്തിരൂർ), ബംഗളൂരു, പൂനെ, നോയിഡ, ദുബായ്
40
ഫ്രഷ് ടു ഹോം പ്ളാറ്റ്‌ഫോമിൽ 1,500ലേറെ മത്സ്യത്തൊഴിലാളികളുണ്ട്. 162 ഹബ്ബുകൾ, 60ലേറെ ട്രക്കുകൾ, 40 കളക്ഷൻ സെന്ററുകൾ എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |