അവസാന യൂണിറ്റും പുറത്തിറക്കിക്കൊണ്ട് ബെന്റ്‌ലിയുടെ മുൾസാൻ വിടപറഞ്ഞു
ബെന്റ്‌ലിയുടെ മുൾസാൻ ഇനിയില്ല! 11 വർഷം നീണ്ട ജൈത്രയാത്ര അവസാനിച്ചു. അത്യാഡംബര വാഹനലോകത്ത് ബ്രിട്ടന്റെ പൊൻതൂവലായ ബെന്റ്‌ലിയുടെ ഫ്ളാഗ്‌ഷിപ്പ് സെഡാനായിരുന്നു മുൾസാൻ. 2009-2010ലാണ് പിറവി.
മൾസാന്റെ 6.75 ലിമിറ്റഡ് എഡിഷന്റെ അവസാനപതിപ്പ് മള്ളിനർ കോച്ച് ബിൽഡിംഗ് ഡിവിഷനിൽ പുറത്തിറക്കി. ലോകമാകെ, ആകെ 30 യൂണിറ്റുകളാണ് മൾസാൻ ലിമിറ്റഡ് എഡിഷനായി ബെന്റ്‌ലി നിർമ്മിച്ചത്. 30-ാം യൂണിറ്ര് അമേരിക്കയിലേക്കുള്ളതാണ്. എന്നാൽ, ആരാണ് വാങ്ങുന്നതെന്ന 'രഹസ്യം" കമ്പനി പുറത്തുവിട്ടിട്ടില്ല. കാറിന് ഇന്ത്യയിൽ വില കണക്കാക്കിയാൽ ഏകദേശം 12.50 കോടി രൂപ വരും.
മനോഹരമായ കലാസൃഷ്‌ടിയെന്നാണ് മുൾസാൻ ലിമിറ്റഡ് എഡിഷനെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. അത്രയ്ക്ക് മനോഹരമായാണ് അത്യാഡംബര കൂട്ടുകൾ ചേർത്ത് അകത്തളവും പുറംമോടിയും ഒരുക്കിയിരിക്കുന്നത്. കാറിന്റെ ഓരോ ഘടകവും 'ലക്ഷ്വറി"യാണ്. സീറ്റുകളിൽ 6.75 ലിമിറ്റഡ് എഡിഷൻ എന്ന് തുന്നിച്ചേർത്തിരിക്കുന്നു. കറുപ്പഴക് നിറഞ്ഞ റേഡിയേറ്റർ ഗ്രിൽ സ്‌പോർട്ടീ ടച്ചും നൽകുന്നു.
ഫോഗ് ലാമ്പ്, വിൻഡോ, ബോഡി ട്രിം യൂണിറ്റുകൾ, ടെയ്‌ൽഗേറ്റ് ഇൻസേർട്ട്, ഓവൽ എക്‌സ്‌ഹോസ്‌റ്ര് ഔട്ട്‌ലെറ്റ് എന്നിവയിലെല്ലാം കറുപ്പിന്റെ അതിർവരമ്പുണ്ട്. എൻജിൻ ഇൻടേക്കിലും കാണാം കറുപ്പഴക്. അവസാന പതിപ്പിൽ ബെന്റ്‌ലി സി.ഇ.ഒ അഡ്രിയാൻ ഹോൾമാർക്കിന്റെ കൈയൊപ്പും പതിച്ചിട്ടുണ്ട്. അകത്തളത്തിൽ മുൾസാൻ ലോഗോയ്ക്ക് എൽ.ഇ.ഡി ശോഭ പകരുന്നു. മുൾസാന്റെ കിരീടം, കമ്പനിയുടെ മറ്രൊരു ഫ്ലാഗ്‌ഷിപ്പായ 'ഫ്ളൈയിംഗ് സ്പർ" അണിയുമെന്നാണ് കേൾവി.
₹12.50 കോടി
മുൾസാൻ ലിമിറ്റഡ് എഡിഷന് ഇന്ത്യയിൽ വില കണക്കാക്കിയാൽ ഏകദേശം 12.50 കോടി രൂപ വരും.
6¾ ലിറ്റർ എൻജിൻ
4,000 ആർ.പി.എമ്മിൽ 530 ബി.എച്ച്.പി കരുത്തുള്ളതാണ് മുൾസാനിലെ 6¾ ലിറ്റർ വി8 എൻജിൻ. ടോർക്ക് 1,700 ആർ.പി.എമ്മിൽ 1,100 എൻ.എം. ഈ എൻജിന്റെ നിർമ്മാണവും ബെന്റ്‌ലി അവസാനിപ്പിച്ചു.
4.9 സെക്കൻഡ്
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ മുൾസാൻ ലിമിറ്റഡ് എഡിഷന് വേണ്ടത് വെറും 4.9 സെക്കൻഡ്.
305km/h
മുൾസാൻ ലിമിറ്റഡ് എഡിഷന്റെ ടോപ് സ്‌പീഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |