ചിറയിൻകീഴ്: താഴംപളളി മുതൽ അഞ്ചുതെങ്ങ് മാമ്പളളി വരെയുളള തീരപ്രദേശത്ത് കടൽക്ഷോഭം ചെറുക്കാൻ സ്ഥാപിച്ച സംവിധാനങ്ങളൊന്നും ഫലപ്രദമാകാത്തത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഈ ഭാഗത്ത് കടൽ ഭിത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തകർന്ന അവസ്ഥയിലാണ്. ഈ മേഖലയിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കാലവർഷം ശക്തമാകുമ്പോഴും കടൽക്ഷോഭം രൂക്ഷമാകുമെന്ന കാലാവസ്ഥാമുന്നറിയിപ്പ് ലഭിക്കുമ്പോഴും ഇവിടത്തുകാർ ഭീതിയിലാകും.
കടൽഭിത്തി തകർന്നിട്ട് വർഷങ്ങളായെങ്കിലും അധികൃതർ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
തരിശുപറമ്പ് ഭാഗത്ത് ശക്തമായ തിരയടി ഉണ്ടാകുമ്പോൾ കടൽ ജലം സമീപത്തെ റോഡും കടന്ന് കായലിലാണ് പതിക്കുന്നത്. ഇതിനാൽ റോഡ് തകർന്ന നിലയിലാണ്. ശിങ്കാരത്തോപ്പ് മുതൽ - താഴം പളളി വരെയുളള ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. താഴംപളളി മുതൽ - കായിക്കര വരെയുളള ഭാഗങ്ങളിൽ കടലാക്രമണം തടയുന്നതിന് വേണ്ടി ഗ്രോയിംഗ് ഇടാനുളള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും ഇവ യാഥാർത്ഥ്യമാകാൻ എത്ര നാൾ വേണ്ടി വരുമെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. ഇതോടൊപ്പം തന്നെ കൊവിഡും ട്രോളിംഗ് നിരോധനവും മഴയും തീരദേശത്തെ വറുതിയിലാക്കി. കൊവിഡ് 19 വ്യാപനം തുടരുമ്പോഴും മുതലപ്പൊഴി ഹാർബറിലെ ജനത്തിരക്കും നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ മത്സ്യക്കച്ചവടത്തിനെത്തുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും ഭീഷണിയാകുന്നു. സാധാരണ കടലാക്രമണം ശക്തമാകുമ്പോൾ തീരദേശ മേഖലയിൽ ക്യാമ്പുകൾ തുറക്കാറാണ് പതിവ്. എന്നാൽ കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിലെ താമസം നിലവിൽ സുരക്ഷിതമല്ല. ഈ മേഖലയിലുളളവരുടെ ഇത്തരം പ്രശ്നങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കുടിവെള്ളത്തിനായി നെട്ടോട്ടം
കടലും കായലും ചുറ്രപ്പെട്ട താഴംപളളി, പൂന്തുറ, ശിങ്കാരത്തോപ്പ് ഭാഗങ്ങളിൽ പ്രധാന കുടിവെളള മാർഗം പൈപ്പ് വെളളമാണ്. മഴക്കാലമായിട്ടും പതിവായി വെളളം വരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലരും വളളത്തിൽ കായൽ കടന്ന് പോയാണ് ശുദ്ധജലം ശേഖരിക്കുന്നത്. ആട്ടോയിൽ കിലോമീറ്ററുകളോളം പോയി വെളളം കൊണ്ട് വരുന്ന കുടുംബങ്ങളും കുറവല്ല.
പ്രധാന ആവശ്യങ്ങൾ
തീര സംരക്ഷണത്തിന് പ്രത്യേക പദ്ധതി വേണം
സുരക്ഷിത ഭവനപദ്ധതി യാഥാർത്ഥ്യമാക്കണം
തീരത്ത് പുലിമുട്ട് സ്ഥാപിക്കണം
കൊവിഡ് പ്രതിരോധപ്രവർത്തനം ശക്തമാക്കണം
കടലാക്രമണ ഭീഷണിയിൽ 1000 ത്തിലധികം കുടുംബങ്ങൾ
പ്രതികരണം: ഈ മേഖലയിലെ കടലിന്റെ മക്കളുടെ ദുരിതങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാകണം.
ജെ. ലോറൻസ്, പ്രസിഡന്റ്, താഴംപളളി - അഞ്ചുതെങ്ങ്
മത്സ്യത്തൊഴിലാളി സഹകരണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |