കൊച്ചി: കാലഹരണപ്പെട്ട നിയമത്തിന്റെ പേരിൽ അർഹതപ്പെട്ട സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നെന്ന പരാതിയുമായി ഹയർ സെക്കൻഡറി അദ്ധ്യാപകർ. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ ആകെ ഒഴിവിന്റെ 33 ശതമാനം നിശ്ചിത യോഗ്യതയുള്ള ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് മാറ്റി വയ്ക്കണമെന്നാണ് നിയമം. ഇതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. 12 വർഷ ഹയർ സെക്കൻഡറി സർവീസാണ് പ്രിൻസിപ്പലാവാനുള്ള അടിസ്ഥാന യോഗ്യത. 2005ൽ ഹയർസെക്കൻഡറിയിലേക്ക് വ്യാപകമായി പി.എസ്.സി നിയമനം നടന്നത്. അതിന് മുമ്പ് 2001ൽ പുറത്തിറക്കിയ യോഗ്യരായ ആളുകളുടെ അഭാവത്തിൽ മൂന്നിലൊരു ഭാഗം പ്രിൻസിപ്പൽ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതയുമുള്ള ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാരെ പരിഗണിക്കാമെന്ന സ്‌പെഷ്യൽ റൂളാണ് ഇപ്പോൾ ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് പാരയായിരിക്കുന്നത്.
ഹയർ സെക്കൻഡറിയിൽ ആദ്യ പി.എസ്.സി നിയമനം നടന്ന 2005ൽ ജനുവരിയിൽ 1864 പേരെയും നവംബർ, ഡിസംബർ മാസങ്ങളിലായി ആയിരത്തോളം പേരെയുമാണ് നിയമിച്ചത്. 2017 ഓടെ സംസ്ഥാനത്ത് ആകെയുള്ള 850 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള പൂർണ്ണ യോഗ്യത നേടിയ 2800ലധികം ഹയർ സെക്കൻഡറി അദ്ധ്യാപകരുണ്ട്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അതാതു വിഷയങ്ങളിലെ മുഴുവൻ സമയ അദ്ധ്യാപകനെന്നിരിക്കെ 'ഹെഡ്മാസ്റ്റർ നിയമനം' പല സ്കൂളുകളിലും അക്കാഡമികമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പല ഹെഡ്മാസ്റ്റർമാരും സർവീസിന്റെ ഏതെങ്കിലും കാലഘട്ടത്തിൽ അന്യസംസ്ഥാന സർവ്വകലാശാലകളിൽ നിന്നോ വിദൂര വിദ്യാഭ്യാസം വഴിയോ ബിരുദാനന്തര ബിരുദം തരപ്പെടുത്തിയാണ് പ്രിൻസിപ്പൽ യോഗ്യത തേടുന്നതെന്നും ആക്ഷേപമുണ്ട്.
ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന തസ്തികകളിലേക്കടക്കം സ്ഥാനക്കയറ്റത്തിന് അവസരമുള്ളപ്പോൾ ഹയർ സെക്കൻഡറിയിലെ ജൂനിയർ, സീനിയർ അദ്ധ്യാപകർക്കൊന്നും അതിനുള്ള അനുവാദമില്ല. അർഹതപ്പെട്ട തസ്തികകൾ നഷ്ടപ്പെടുന്നതിനെതിരെ ഹയർ സെക്കൻഡറി അദ്ധ്യാപകർ നൽകിയ കേസിൽ വിധി പ്രസ്താവിച്ച കോടതി പ്രിൻസിപ്പൽ നിയമന കാര്യത്തിൽ കാലാനുസൃതമായി സ്‌പെഷ്യൽ റൂൾ ഭേദഗതികൾ വരുത്തി പരാതി പരിഹരിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല.
''യോഗ്യത നേടിയ ഹയർ സെക്കൻഡറി അധ്യാപകർ പലപ്പോഴായി നൽകിയ കേസുകളിൽ അനുകൂല വിധി പ്രസ്താവിച്ച കോടതി, സ്‌പെഷ്യൽ റൂൾ ഭേദഗതി നിർദ്ദേശിച്ചിട്ടും സർക്കാർ അതിനു തയ്യാറാവാത്തത് നീതി നിഷേധമാണ്. പ്രിൻസിപ്പൽ നിയമനത്തിനുള്ള കാലഹരണപ്പെട്ട ഹെഡ്മാസ്റ്റർ ക്വോട്ട അടിയന്തിരമായി അവസാനിപ്പിക്കണം. ഈ ആവശ്യമുന്നയിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പധികൃതർക്കും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കമ്മറ്റി നിവേദനം നൽകിയിട്ടുണ്ട്.''
അനിൽ.എം.ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി
ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |