ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജി.എസ്.ടി) ഇനത്തിൽ ജൂണിൽ കേന്ദ്രസർക്കാർ സമാഹരിച്ചത് 90,917 കോടി രൂപ. കഴിഞ്ഞവർഷം ജൂണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം മാത്രമാണ് കുറവ്. 99,940 കോടി രൂപയായിരുന്നു 2019 ജൂണിലെ സമാഹരണം. അതേസമയം, നടപ്പുവർഷം ഏപ്രിൽ, മേയ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നേട്ടത്തിലേക്ക് വൻ തിരിച്ചുവരവ് നടത്താൻ ജി.എസ്.ടിക്ക് കഴിഞ്ഞിട്ടുണ്ട്.
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധി മൂലം ഏപ്രിലിൽ ജി.എസ്.ടിയായി ആകെ കിട്ടിയത് 32,294 കോടി രൂപയാണ്; മേയിൽ 62,009 കോടി രൂപയും. നടപ്പുവർഷം ആദ്യ ത്രൈമാസത്തിലെ (ഏപ്രിൽ-ജൂൺ) സമാഹരണം ഏപ്രിൽ-മേയിലെ തളർച്ച മൂലം 70 ശതമാനം ഇടിയുകയും ചെയ്‌തു. 2019ലെ സമാന മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ ഇടിവ് 71.63 ശതമാനമായിരുന്നു; മേയിൽ 38.17 ശതമാനവും. കഴിഞ്ഞമാസം ഇടിവിന്റെ ആഘാതം 9.02 ശതമാനത്തിൽ ഒതുങ്ങിയത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും.
ജൂണിലെ സമാഹരണത്തിൽ 18,980 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (സി.ജി.എസ്.ടി) 23,970 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും (എസ്.ജി.എസ്.ടി) 40,302 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് (ഐ.ജി.എസ്.ടി). സെസ് ഇനത്തിൽ 7,665 കോടി രൂപയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |