നാട്ടുചന്തകളിൽ നഷ്ടക്കച്ചവടം
കൊല്ലം: കടൽ കടക്കാതെ കാന്താരി 'കൊല്ലകളിൽ' പഴുത്ത് തുടങ്ങിയതോടെ എരിവിന്റെ റാണിക്ക് ജില്ലയിൽ കഷ്ടകാലം. കൊവിഡിന് മുമ്പ് കിലോയ്ക്ക് ആയിരം രൂപവരെ വിലയുണ്ടായിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് മൂന്നൂറ് രൂപയാണ്.
അമ്പത് മൂട് കാന്താരിക്കൊടിയുണ്ടെങ്കിലേ ഒരുകിലോ മുളക് കിട്ടൂ. ഇത് ശേഖരിക്കാൻ ഒരാൾ മിനിമം അര ദിവസം അദ്ധ്വാനിക്കണം. വിദേശ കയറ്റുമതി നിലച്ചതും ആവശ്യക്കാർ കുറഞ്ഞതുമാണ് വില ഇടിയാൻ കാരണം. വെറ്റിലക്കൊടിയിലും പറമ്പിലും ഇടവിളയായി കാന്താരി കൃഷി ചെയ്തിരുന്നവരുടെ കാര്യവും കഷ്ടത്തിലായി.
നാട്ടിൻ പുറങ്ങളിലെ പച്ചക്കറി തോട്ടങ്ങളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന പല നാടൻ പച്ചക്കറിയിനങ്ങൾക്കും ഡിമാൻഡില്ലാത്ത അവസ്ഥയാണ്. പയർ, വെള്ളരി, വഴുതന, പച്ചമുളക്, നാടൻ വാഴയ്ക്ക, പടവലം തുടങ്ങി മിക്ക ഇനങ്ങളുടെയും വില താഴെയായി. ഉൽപ്പാദനച്ചെലവും അദ്ധ്വാനവും കഴിച്ചാൽ മിച്ചമൊന്നും ഇല്ലാത്ത അവസ്ഥയിലാണ് കർഷകർ. കൊവിഡ് ഭീതിയ്ക്കൊപ്പം വിഷരഹിതമായ നാടൻ പച്ചക്കറി ഇനങ്ങളുടെ വരവും കുറഞ്ഞതോടെ ജില്ലയിലെ സ്വാശ്രയ കർഷക വിപണികളും പരമ്പരാഗത ചന്തകളും മിക്കതും അടഞ്ഞു.
കാന്താരി വില
നേരത്തെ: 1,000 രൂപ (കിലോഗ്രാം)
ഇപ്പോൾ: 300 രൂപ
കമ്പോളങ്ങൾ വിജനം
കാലവർഷ സീസണായ ജൂൺ- ജൂലായ് മാസങ്ങൾ മാർക്കറ്റ് മോശമാണ്. കൊവിഡ് കാലമായതിനാൽ രാവിലെയും വൈകുന്നേരവും മറ്റും പ്രവർത്തിച്ചിരുന്ന പല കമ്പോളങ്ങളും വിജനമായി. സാമൂഹിക അകലം പാലിച്ച് വിരലിലെണ്ണാവുന്നവർ മാത്രമാണ് പരമ്പരാഗത ചന്തകളിൽ എത്തുന്നത്. പുലരിച്ചന്തകളും അന്തിച്ചന്തകളും പേരിന് മാത്രമായതോടെ കർഷകരുടെയും വ്യാപാരികളുടെയും കൂട്ടായ്മയും നഷ്ടമായി. കൊവിഡിന് മുമ്പ് ദിവസം ഒരു ലക്ഷം രൂപയുടെ പച്ചക്കറി - പഴം - കിഴങ്ങുവർഗങ്ങൾ വിറ്റിരുന്ന സ്ഥാനത്ത് ഇന്ന് കഷ്ടിച്ച് അരലക്ഷത്തിൽ താഴെയാണ് വ്യാപാരം.
കൊവിഡിന് മുമ്പ് കച്ചവടം: 1 ലക്ഷം
ഇപ്പോൾ: 50,000ൽ താഴെ
മീൻചന്തയും കാലി
ട്രോളിംഗ് നിരോധനം വന്നതോടെ നാടൻ മീനുകളുടെ വരവ് നന്നെ കുറഞ്ഞു. മത്സ്യ ചന്തകളും വിജനമാണ്. നീണ്ടകര, ശക്തികുളങ്ങര, വാടി, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് വള്ളക്കാർ പിടിക്കുന്ന മത്സ്യം അപൂർവമായി കമ്പോളങ്ങളിലെത്താറുണ്ടെങ്കിലും അതിനും വൻവിലയാണ്.
കരതൊടാതെ കച്ചവടക്കാർ
1. വിവാഹം, ഗൃഹപ്രവേശം, ആൾക്കൂട്ട സത്കാരങ്ങൾ ഒഴിവാക്കി
2. ഗ്രാമ പ്രദേശങ്ങളിൽ വീടുകളിൽ ജൈവ പച്ചക്കറി ഉത്പാദനം വർദ്ധിച്ചു
3. കൂടിയ വിലകൊടുത്ത് വാങ്ങുന്ന സാധനങ്ങൾ വിറ്റുപോകുന്നില്ല
4. ഒന്നോ രണ്ടോ ദിവസം പിന്നിടുമ്പോൾ പച്ചക്കറികൾ നശിക്കുന്നു
5. മുടക്ക് മുതൽ പോലും തിരിച്ചുപിടിക്കാൻ കഴിയുന്നില്ല
പ്രധാന കമ്പോളങ്ങൾ
ഓച്ചിറ പുതിയകാവ് കരുനാഗപ്പള്ളി തേവലക്കര ആഞ്ഞിലിമുട് ഭരണിക്കാവ് ശാസ്താംകോട്ട കല്ലട മുളവനചന്ത കുണ്ടറ കൊല്ലം കടപ്പാക്കട മുണ്ടയ്ക്കൽ കൊട്ടിയം ചാത്തന്നൂർ പാരിപ്പള്ളി കല്ലുവാതുക്കൽ ആയൂർ അഞ്ചൽ കടയ്ക്കൽ എഴുകോൺ പുത്തൂർ കൊട്ടാരക്കര പുനലൂർ പത്തനാപുരം തെൻമല കുളത്തൂപ്പുഴ
''
കൊവീഡ് ഭീതി നിലനിൽക്കുന്നതിനാൽ മത്സ്യ വരവ് കുറഞ്ഞതോടെ മീൻചന്തകളോട് അനുബന്ധിച്ചുള്ള മരച്ചീനിയുൾപ്പെടെയുള്ള മറ്റ് സാധനങ്ങളുടെ വിപണിയും ഒഴിഞ്ഞു.
കച്ചവടക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |