കൊവിഡ് വ്യാപന സാദ്ധ്യത വർദ്ധിക്കുന്നു
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അഴിഞ്ഞ് തുടങ്ങിയെങ്കിലും കൊവിഡ് വ്യാപന സാദ്ധ്യത വർദ്ധിക്കുന്നതിനാൽ ജില്ലയിൽ അനാവശ്യ യാത്രകൾക്ക് നിയന്ത്രണം വന്നേക്കും. പൊതു ഇടങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. പൊലീസും കാര്യമായി ശ്രദ്ധിക്കുന്നില്ല.
ആശുപത്രികൾ, വ്യാപാര - വിപണന കേന്ദ്രങ്ങൾ, ബസുകൾ തുടങ്ങി പൊതു ഇടങ്ങളിലെങ്ങും സാമൂഹിക അകലം മറക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ആരും കേട്ടമട്ടില്ല. സമ്പർക്കം വഴി ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനാണ് സാദ്ധ്യത. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവരെ പിടികൂടുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും.
ഗ്രാമ - നഗര ഭേദമില്ലാതെ പരിശോധനകൾ കർശനമാക്കും. രാത്രി യാത്രാ നിരോധനവും കർഫ്യൂവും നിലനിൽക്കുന്നതിനാൽ രാത്രിയിലെ വാഹന പരിശോധന കൂടുതൽ കുറ്റമറ്റതാകും. കൊവിഡ് കാലത്ത് കുട്ടികളുമൊത്തുള്ള വിനോദ യാത്ര, വ്യക്തമായ കാരണങ്ങളില്ലാതെ ദീർഘദൂര യാത്ര തുടങ്ങിയവ നടത്തുന്നവർക്കെതിരെയും നടപടി വരും.
വിവേചനം ജനങ്ങളെ വലയ്‌ക്കും
കൊല്ലം സിവിൽ സ്റ്റേഷനിൽ നിന്ന് ജോലി കഴിഞ്ഞ് കാറിൽ മടങ്ങിയ വനിതാ ജീവനക്കാരെ പിങ്ക് പൊലീസ് തടഞ്ഞത് കഴിഞ്ഞ ദിവസമാണ്. അഞ്ചുപേർ യാത്ര ചെയ്യുന്നുവെന്നായിരുന്നു പൊലീസ് നിലപാട്. അപരിചിതരായ മൂന്നുപേർ കെ.എസ്.ആർ.ടി.സി ബസിന്റെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ പറഞ്ഞ സർക്കാർ തന്നെയാണ് സാധാരണക്കാരെ വഴിയിൽ തടയുന്നത്. ഓഫർ സാധനങ്ങൾ വാങ്ങാൻ ആൾക്കൂട്ടം ഇടിച്ചുകയറുന്ന വൻകിട സ്ഥാപനങ്ങൾ പരിശോധനക്കാർ കാണുന്നേയില്ല. എന്നാൽ ചെറുകിട കടകൾക്കെതിരെ നിരന്തരം നടപടി. കൊവിഡ് മാനദണ്ഡം അനുസരിച്ചുള്ള നടപടികൾ അനിവാര്യമാണ്. പക്ഷേ അതേകപക്ഷീയമാകുമ്പോൾ സാധാരണക്കാർ ഉൾക്കൊള്ളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |