ന്യൂഡൽഹി: കനാലിൽ ഒഴുകി നടന്ന മൃതദേഹം കുട്ടികളെക്കൊണ്ട് എടുപ്പിച്ച് വിവാദത്തിലായി ഉത്തർപ്രദേശ് പൊലീസ്. കനാലിൽ കിടന്ന അജ്ഞാത മൃതദേഹം സബ് ഇൻസ്‌പെക്ടറും ഒരു കോൺസ്റ്റബിളും ചേർന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് എടുപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസുകാർ വെട്ടിലായത്.
ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. കൊട്‌വലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ രാം നരേഷ്, കോൺസ്റ്റബിൾ മഹാബിർ എന്നിവരാണ് ആരോപണ വിധേയർ. വാലിപുർ ഗംഗ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നാല് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മൃതദേഹം എടുപ്പിക്കുകയായിരുന്നു. കുട്ടികൾ വലിയ വടിയുപയോഗിച്ച് മൃതദേഹം കരയ്ക്കടുപ്പിക്കുന്നതും തൊട്ടരികിൽ തന്നെ പൊലീസുകാർ നിൽക്കുന്നതും വീഡിയോയിൽ കാണാം.
സംഭവത്തെ തുടർന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.ഉദ്യോഗസ്ഥർ ചെയ്തത് തെറ്റായ പ്രവർത്തിയാണെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പ്രതികരിച്ചു. പൊലീസ് സേനയ്ക്ക് മുഴുവൻ അപമാനമാണ്ഇതെന്നും കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വീഡിയോയിൽ വ്യക്തമാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |