തിരുവനന്തപുരം: ആരോഗ്യപരിശോധനയ്ക്കു വിധേയരാകാത്ത യാത്രക്കാരെ പൂർണമായും വിലക്കാൻ റെയിൽവേ ഒരുങ്ങുന്നു. പരിശോധന തടസപ്പെടുന്ന വിധത്തിൽ യാത്രക്കാർ വൈകിയെത്തുന്നത് പതിവായതിനെത്തുടർന്നാണ് നടപടി.
നിലവിൽ റിസർവേഷൻയാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒന്നരമണിക്കൂർ മുമ്പേ യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങും. എന്നാൽ, പലരും വൈകിയെത്തുന്നത് പരിശോധനയ്ക്കുള്ള സമയം നഷ്ടമാക്കുകയാണ്. അവസാനനിമിഷം എത്തുന്നവർ ആരോഗ്യപരിശോധനയ്ക്ക് വിസമ്മതിക്കുന്നുണ്ട്.
കഴിഞ്ഞദിവസം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിൽ പോകാനുള്ള 20 യാത്രക്കാർ പരിശോധന നടത്താതെ ട്രെയിനിൽ കയറി. അവസാനസമയം എത്തിയ ഇവർ സുരക്ഷാജീവനക്കാരുടെ എതിർപ്പ് അവഗണിച്ചാണ് ട്രെയിനിൽ കയറിയത്. കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് ഇങ്ങനയൊരു സംഭവം ഉണ്ടായത് ഗുരുതരവീഴ്ചയാണ്.
തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകി. ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മമ്പേ സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും.
ട്രെയിനുകൾക്കുള്ളിലും പരിശോധന കർശനമാക്കും.ട്രെയിനിൽ കയറിയശേഷം മുഖാവരണം ഒഴിവാക്കുന്നതായും കൂട്ടംകൂടി ഇരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |