ഇസ്ലാമാബാദ്: ചാരപ്രവർത്തി നടത്തിയെന്നാരോപിച്ച് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ് വധശിക്ഷ പുനപരിശോധനയ്ക്ക് വിസമ്മതിച്ചതായി പാകിസ്ഥാൻ. ഭാര്യയേയും പിതാവിനേയും കാണുന്നതിനായി കുൽഭൂഷണെ അനുവദിക്കുമെന്നും അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കമെന്നും ഇർഫാൻ വ്യക്തമാക്കി. ജാദവിന് കോൺസുലർ പ്രവേശനം നൽകാനും വധശിക്ഷ പുനപരിശോധിക്കാനും പാകിസ്ഥാനോട് കഴിഞ്ഞ ജൂലൈയിൽ അന്താരാഷ്‌ട്ര കോടതി ഉത്തരവിട്ടിരുന്നു. ഇതിന് മുമ്പും അമ്മയെ കാണുന്നതിനായി കുൽഭൂഷന് പാകിസ്ഥാൻ അനുമതി നൽകിയിരുന്നു. വധശിക്ഷ പുനപരിശോധിക്കാൻ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ജാദവ് അതിന് തയ്യാറാകുന്നില്ലെന്നും, പകരം ദയാഹർജി പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇർഫാൻ പറഞ്ഞു. നിവേദനം സമർപ്പിക്കാനും സമയപരിധിക്ക് മുമ്പായി നടപടികൾ ആരംഭിക്കാനും സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന് പലതവണ കത്തെഴുതിയിട്ടുണ്ടെന്നും ഇർഫാൻ അറിയിച്ചു.
അതേസമയം ജാദവിനെതിരായ പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നിരസിച്ചിരുന്നു. ഇറാനിയൻ തുറമുഖത്ത് ബിസിനസ് നടത്തിയിരുന്ന ജാദവിനെ പാകിസ്ഥാൻ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതാണെന്നും ഇന്ത്യ അന്താരാഷ്‌ട്ര കോടതിയെ അറിയിച്ചു. തുടർന്നാണ് അന്താരാഷ്‌ട്ര കോടതി ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |