കൊവിഡ് കാലത്തും കേരളത്തെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളാണ് സ്വര്‍ണക്കടത്തിന്റെ പേരില്‍ രണ്ടു ദിവസമായി അരങ്ങേറുന്നത്. പതിവിന് വിരുദ്ധമായി രാഷ്ട്രീയ ആരോപണങ്ങളില്‍ സ്പീക്കറും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. സ്വര്‍ണക്കടത്തില്‍ പ്രതികളെന്ന് കസ്റ്റംസ് കണക്കാക്കപ്പെടുന്നവരുമായി അടുത്തിടപഴകിയതാണ് സ്പീക്കര്‍ക്ക് തലവേദനയാകുന്നത്. മുഖ്യപ്രതിയായ സ്വപ്‌നയുടെ കൂട്ടാളിയായ സന്ദീപിന്റെ വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനത്തില്‍ സ്പീക്കര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോയും വ്യാപകമായ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തു.
രാജ്യദ്രോഹക്കുറ്റത്തിനായി കസ്റ്റംസ് അന്വേഷിക്കുന്നയാളുടെ ഷോപ്പ് ഉദ്ഘാടനത്തിന് പോയ സ്പീക്കര്‍ പദവി ഒഴിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും രംഗത്തു വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ ഇന്ന് സ്വര്‍ണക്കടത്തില്‍ താങ്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷം മുന്നോട്ട് വച്ചാല്‍ ചെയര്‍ അംഗീകരിക്കുമോ തള്ളിക്കളയുമോ എന്നും ജ്യോതികുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യദ്രോഹമാണ് സര്‍!......ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം.......
ബഹുമാനപ്പെട്ട സ്പീക്കറുടെ അടിയന്തര ശ്രദ്ധയ്ക്ക്.....
അങ്ങ് പുറത്തുതട്ടി ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടറുടെ ഉടമ സന്ദീപിനെ അന്വേഷിച്ച് കസ്റ്റംസ് പരക്കം പായുകയാണ് സര്‍.......
സ്വര്‍ണകള്ളക്കടത്തെന്ന രാജ്യദ്രോഹക്കുറ്റത്തിനാണ് ബഹു.സ്പീക്കര്‍, അങ്ങയുടെ സുഹൃത്തിനെ കസ്റ്റംസ് തിരയുന്നത്.....
അങ്ങ് ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ച,നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് ബഹു.സ്പീക്കര്‍ക്ക് അറിയില്ലായിരുന്നു എന്നെല്ലാം പറഞ്ഞ് മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യരുത്.......!
'ഡിപ്ലോമാറ്റും ' സുഹൃത്തുക്കളും പിടിയിലാകും മുമ്പ് അങ്ങ് സ്പീക്കര്‍ കസേര വച്ചൊഴിയണം....
ഏതോ തട്ടിപ്പുകാരി സ്വകാര്യവ്യക്തികളുമായി നടത്തിയ സോളര്‍ ഇടപാടിനെച്ചൊല്ലി എത്ര അടിയന്തരപ്രമേയത്തിനാണ് താങ്കള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നോട്ടീസ് നല്‍കിയത്....?
അന്ന് സോളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടതുപോലെ, ഇന്ന് സ്വര്‍ണക്കടത്തില്‍ താങ്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷം മുന്നോട്ട് വച്ചാല്‍ ചെയര്‍ അംഗീകരിക്കുമോ തള്ളിക്കളയുമോ .....?
താങ്കള്‍ ചെയ്തതുപോലെ പരിപാവനമായ സ്പീക്കര്‍ കസേര തള്ളിയിടാനൊന്നും പ്രതിപക്ഷ അംഗങ്ങള്‍ മുതിര്‍ന്നേക്കില്ല......
പക്ഷേ സഭാനാഥനാവാനുള്ള അങ്ങയുടെ യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു........
സാദാ പൂച്ചക്കുട്ടി കേസല്ല ഇത്, കുറ്റം രാജ്യദ്രോഹമാണ്.....
അവിടെ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം അങ്ങേക്കുണ്ട്.........
ശങ്കരനാരായണന്‍ തമ്പിയും സിഎച്ച് മുഹമ്മദ് കോയയും എ.പി കുര്യനുമെല്ലാമിരുന്ന കസേരയില്‍ ഉറച്ചിരിക്കാനുള്ള യോഗ്യത ഉണ്ടോയെന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം.......
ജനാധിപത്യത്തോട്, നിയമസഭയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ഒരുനിമിഷം വൈകാതെ താങ്കള്‍ കസേരവിട്ടൊഴിയണം, ബഹുമാനപ്പെട്ട ചെയര്‍....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |