തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തിരച്ചിൽ ഊർജ്ജിതമാക്കി. സ്വർണക്കടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ഫെമ നിയമപ്രകാരം അന്വേഷിക്കുമെന്നാണ് വിലയിരുത്തൽ. പണം കെെമാറ്റം വിദേശത്ത് നടന്നെന്നാണ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്വര്‍ണക്കടത്ത് യു എ ഇ കോണ്‍സുലേറ്റിലെ ഉന്നതന്‍റെ അറിവോടെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ യു എ ഇ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.
അതേസമയം, സ്വപ്ന ഒളിവിൽ പോയിട്ട് നാലുദിവസം കഴിഞ്ഞു. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്നയും ഒളിവിൽ കഴിയുന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്ന തിരുവനന്തപുരത്തു തന്നെയുണ്ടെന്ന് കസ്റ്റംസ് ആവർത്തിക്കുമ്പോഴും അവരുടെ ഫോൺ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയിൽ ഓൺ ആയത് കസ്റ്റംസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോൺ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാൻ ഫോൺ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്.
സ്വപ്‌നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്‌ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്‌ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |