തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെലോ ആയി അമേരിക്കൻ പൗരയെ നിയമിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. അമേരിക്കൻ പൗരത്വമുള്ള സ്ത്രീക്ക് ഐ.ടി സ്റ്റാർട്ടപ്പ് മിഷനിൽ ജോലി കിട്ടിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ ഐ.ടി വകുപ്പിൽ നൂറു കണക്കിന് അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രിൻസിപ്പൾ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റി നിർത്തിയത് കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ ചെന്നിത്തല സർവീസ് റൂൾ ലംഘിച്ച ശിവശങ്കരനെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.പിൻവാതിൽ നിയമനങ്ങൾ എല്ലാം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ കൊളളയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. അഗ്നിപർവതത്തിനു മുകളിൽ നിൽക്കുന്നത് സംസ്ഥാനമല്ല ഈ സർക്കാരാണ്. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആ സ്ത്രീയെയും ശിവശങ്കരനെയും ന്യായീകരിച്ചു, പച്ചനുണ പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ശിവശങ്കരനെ ഭയപ്പെടുകയാണ്. ശിവശങ്കരൻ നിയമപരമായി തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കലാണ്. എല്ലാ കാലത്തും ശിവശങ്കരനെ സംരക്ഷിച്ച മുഖ്യമന്ത്രി തന്‍റെ കൈപൊള്ളുമെന്ന് കണ്ടപ്പോഴാണ് നടപടി എടുത്തത്. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ മന്ത്രിസഭ യോഗം കൂടി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു.
അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്നും ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധ ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |