ന്യൂഡൽഹി: ലോധി എസ്‌റ്റേറ്റിലെ സർക്കാർ ബംഗ്ളാവ് ഒഴിയുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി താത്‌കാലികമായി ഡൽഹി അതിർത്തിയിലെ ഗുരുഗ്രാമിൽ ഡി.എൽ.എഫിന്റെ ഫ്ളാറ്റിലേക്ക് മാറുന്നു. ഡൽഹിയിൽ വേറെ വീട് തയാറാകുന്നതുവരെയാണിത്.
എസ്.പി.ജി സംരക്ഷണമുള്ള വ്യക്തി എന്ന നിലയിൽ ലഭിച്ച ലോധി എസ്‌റ്റേറ്റിലെ ബംഗ്ളാവ് ആഗസ്‌റ്റ് ഒന്നിന് മുൻപ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഗുരുഗ്രാം സെക്‌ടർ 42ൽ ആഡംബര ഫ്ളാറ്റ് കണ്ടെത്തിയത്. പ്രിയങ്കയുടെ സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫിന്റെ പരിശോധന പൂർത്തിയാക്കി സാധനങ്ങൾ അങ്ങോട്ട് മാറ്റിക്കഴിഞ്ഞു.
അതേസമയം ഡൽഹി സുജ്ജൻ സിംഗ് പാർക്കിനു സമീപം പ്രിയങ്കാ ഗാന്ധിക്ക് മറ്റൊരു വാടക വീട് തയാറായി വരികയാണ്. അറ്റകുറ്റപ്പണി പൂർത്തിയാകുന്ന മുറയ്‌ക്ക് രണ്ടു മാസത്തിനുള്ളിൽ പ്രിയങ്ക ഇവിടേക്ക് താമസം മാറ്റും. അതുവരെ ഔദ്യോഗിക യോഗങ്ങളും മറ്റും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ജൻപഥ് വസതിയിലാകും നടത്തുക. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയ്‌ക്ക് ലഖ്‌നൗവിലും വസതി തയാറാക്കുന്നുണ്ട്. യു.പി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക അവിടെ താമസിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |