കൊല്ലങ്കോട്: മഴയത്ത് ചോർന്നൊലിക്കുന്ന ഓലപ്പുരകൾ, സഞ്ചാരയോഗ്യമല്ലാത്ത പാത, കുടിവെള്ളം ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിനോക്കാത്തൊരിടമാണ് മുതലമട പഞ്ചായത്തിലെ നാവിളംതോട് കോളനി.
13 കുടുംബങ്ങളിലായി അമ്പതോളം ആളുകൾ കോളനിയിൽ താമസിക്കുന്നുണ്ട്. ഇതിൽ പത്തുകുടുംബങ്ങളും ഇരവാളൻ സമുദായത്തിലുൾപ്പെടുന്നവരും.
ഊരിലേക്ക് എത്തിപ്പെടാൻ പ്രധാന പാതയിൽ നിന്നും സഞ്ചാരയോഗ്യമായ ഒരു വഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. രോഗികൾക്ക് ആശുപത്രിയിൽ പോകാനും കുട്ടികൾക്ക് സ്കൂളുലെത്താനും പ്രദേശത്തെ നെൽപ്പാടങ്ങളിലേക്ക് ചാണകവുമായെത്തുന്ന വണ്ടിക്കാർ ദയവുകാണിക്കണം. ഗ്രാമസഭകളിലും ചിറ്റൂർ തഹസീൽദാർക്കും ഇതുസംബന്ധിച്ച നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് കോളനി നിവാസികൾ പറയുന്നു. ഗർഭിണികളെയും രോഗബാധിതരായ വൃദ്ധരേയും അടിയന്തരമായി ആശുപത്രിയിലെത്തിക്കണമെങ്കിൽ ചാണകം കടത്തുന്ന വണ്ടിയിൽ കയറ്റി കുറ്റിച്ചെടികൾക്കിടയിലൂടെ കടത്തിവേണം കുറ്റിക്കൽചള്ള - പാപ്പാൻചള്ള പാതയിലെത്തിക്കാൻ. പിന്നെയും കിലോമീറ്ററുകൾ സഞ്ചരിക്കണം ആശുപത്രിയിലേക്ക്. പാതയില്ലാത്തതിനാൽ ഊര് സന്ദർശിക്കാനാകുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരും എസ്.സി പ്രമോട്ടർമാരും പരാതി പറയുന്നുണ്ട്.
ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം
ജില്ലാ കളക്ടർ ഊര് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. രോഗികളെ ആശുപത്രിയിൽ എത്തിക്കാനായി ഓട്ടോറിക്ഷയ്ക്ക് സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള റോഡെങ്കിലും അടിയന്തരമായി നിർമ്മിക്കണമെന്നാണ് ആവശ്യം.
എ.ബാബു,
പൊതുപ്രവർത്തകൻ മീങ്കര ഫിഷറീസ് കോളനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |