നെടുമങ്ങാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത്തിലെ ഇക്കോഷോപ്പിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചന്തയ്ക്ക് തുടക്കമായി. ഉപഭോക്താക്കൾക്ക് പച്ചക്കറി വാങ്ങാൻ മാത്രമല്ല കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും വീട്ടുമുറ്റ ചന്തയിൽ സൗകര്യമുണ്ട്. വീട്ടുവളപ്പിൽ വിളഞ്ഞ പച്ചക്കറിയോ പഴവർഗങ്ങളോ നാളികേരമോ എന്തുതന്നെയായാലും വീട്ടുപടിക്കൽ എത്തി ഇക്കോഷോപ്പ് അംഗങ്ങൾ വില നൽകി വാങ്ങും. ഗാർഹികോത്പന്നങ്ങൾ സ്ഥിരമായി വില്പന നടത്തുന്നവർക്ക് ഉത്പന്നങ്ങൾക്ക് അഞ്ച് രൂപ ബോണസ് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു. രാവിലെ 7 മുതൽ 10.30 വരെയാണ് വീട്ടുമുറ്റ ചന്ത. ഇന്നലെ നടന്ന പ്രഥമ ചന്തയിൽ പാൽ, മുട്ട, പഴം, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, വെളിച്ചെണ്ണ, തേൻ, വളർത്തു മത്സ്യം തുടങ്ങിയവ വില്പനയ്ക്കുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷീബാബീവി, കർഷകചന്ത രക്ഷാധികാരി കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ വേങ്കവിളസജി, സിന്ധു, ആർ. അജയകുമാർ, എം.ജി ധനീഷ് തുടങ്ങിയവർ പങ്കെടുത്തു. കൃഷിഓഫീസർ എസ്. ജയകുമാർ, കർഷകചന്ത പ്രസിഡന്റ് ആനാട് ആൽബർട്ട്,സെക്രട്ടറി രാധാകൃഷ്ഷണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |