കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തിൽ ആഗസ്‌റ്രിൽ ചേരുന്ന ധനനയ നിർണയ യോഗത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ താഴ്‌ത്തിയേക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതി (എം.പി.സി) കഴിഞ്ഞ മാർച്ചിലും മേയിലും പലിശനിരക്ക് കുറച്ചിരുന്നു. ഈവർഷം ഇതുവരെ റിപ്പോ നിരക്കിലുണ്ടായ ഇളവ് 1.15 ശതമാനമാണ്. മേയ് 22ന് റിപ്പോനിരക്ക് 0.40 ശതമാനം കുറച്ചിരുന്നു. നാലു ശതമാനമാണ് ഇപ്പോൾ റിപ്പോ നിരക്ക്.
ആഗസ്‌റ്ര് നാലുമുതൽ ആറുവരെയാണ് അടുത്ത എം.പി.സി യോഗം. ആറിന് ധനനയം പ്രഖ്യാപിക്കും. കുറഞ്ഞത് കാൽ ശതമാനം ഇളവെങ്കിലും പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരണത്തിന് പ്രധാനമായും പരിഗണിക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ 6.09 ശതമാനത്തിൽ എത്തിയിരുന്നു. ഇതു നാലു ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എങ്കിലും, നിലവിലെ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് പലിശ കുറയ്ക്കാൻ തന്നെയാണ് സാദ്ധ്യതയേറെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |