കൊച്ചി : ചെല്ലാനത്തെ ജനങ്ങൾ നേരിടുന്ന കടലാക്രമണ ഭീഷണിയ്ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ നിർദ്ദേശം. ചെല്ലാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്ഗർ സെബാസ്‌റ്റ്യൻ രാഷ്‌ട്രപതിയോട് സഹായം അഭ്യർത്ഥിച്ച് കൊണ്ട് എഴുതിയ കത്തിനെ തുടർന്നാണ് നടപടി. തകർന്നുകിടക്കുന്ന കടൽഭിത്തി നന്നാക്കി ജനങ്ങളെ കടൽക്ഷോഭത്തിൽ നിന്നും സംരക്ഷിക്കുകയെന്നത് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന സാഹചര്യത്തിലാണ് എഡ്ഗർ രാഷ്‌ട്രപതിയ്ക്ക് കത്തെഴുതിയത്.
തന്റെ നാട് നേരിടുന്ന കൊവിഡ് പ്രതിസന്ധിയും അതിനൊപ്പം കടലാക്രമണ ഭീതിയും എഡ്ഗർ തന്റെ കത്തിലൂടെ രാഷ്‌ട്രപതിയെ അറിയിച്ചു. കഴിഞ്ഞ 19 മുതൽ ഉണ്ടായ കടലാക്രമണത്തിൽ ചെല്ലാനത്തെ ആറോളം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചിരുന്നു. പ്രദേശത്തെ 400 ലധികം വീടുകളിലേക്ക് കടൽ ജലം ഇരച്ചുകയറി. കൊവിഡ് ഭീതി തീവ്രമായി നിലനില്ക്കുന്ന സാഹചര്യത്തിൽ കടലും ചെല്ലാനം നിവാസികൾക്ക് മുന്നിൽ വൻ ഭീഷണിയായി മാറി. തകർന്ന കടൽഭിത്തിയുള്ള ഭാഗങ്ങളിൽ ജിയോ ട്യൂബുകളും ബാഗുകളും മഴക്കാലത്തിന് മുന്നേ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതേവരെ പ്രാവർത്തികമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |