മെക്സിക്കോ സിറ്റി : ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച മൂന്നാമത്തെ രാജ്യമായി മെക്സിക്കോ. യു.എസും ബ്രസീലുമാണ് കൊവിഡ് മരണ സംഖ്യയിൽ മെക്സിക്കോയ്ക്ക് മുന്നിലുള്ളത്. നിലവിൽ 424,637 പേർക്ക് രോഗം സ്ഥിരീകരിച്ച മെക്സിക്കോയിൽ 46,688 പേരാണ് മരണത്തിന് കീഴടങ്ങിയത്. യു.കെ ആയിരുന്നു നേരത്തെ കൊവിഡ് മരണനിരക്കിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം. 46,119 പേരാണ് യു.കെയിൽ മരിച്ചത്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനേക്കാൾ ഉയർന്നതാണ് മെക്സിക്കോയിലെ യഥാർത്ഥ മരണസംഖ്യയെന്ന് പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നു.
അതേസമയം, രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും എത്രയും വേഗം അത് വീണ്ടെടുക്കണമെന്നുമാണ് മെക്സിക്കോ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറയുന്നത്. ഇതിന്റെ ഭാഗമായി മേയ് മുതൽ രാജ്യത്ത് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കി വരികയാണ്.
മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ജൂൺ പകുതിയോടെ തന്നെ ആയിരക്കണക്കിന് ഫാക്ടറി തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടാത്ത ചില സ്ഥാപനങ്ങൾക്ക് ജൂലായ് ആദ്യത്തോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ടാണ് മെക്സിക്കോ സിറ്റി. മാർച്ച് 23 ഓടെ മെക്സിക്കോയുടെ ഭൂരിഭാഗം പ്രദേശങ്ങളും ലോക്ക്ഡൗണിലായിരുന്നു. അതേ സമയം, കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് കാട്ടി രാജ്യവ്യാപകമായി വിമർശനങ്ങളും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |